ആലപ്പുഴ: റോഡ് നിര്‍മാണത്തിലെ ആധുനിക സാങ്കേതിക വിദ്യയായ വൈറ്റ് ടോപ്പിംഗ് ഉപയോഗിച്ച് നിര്‍മിക്കുന്ന ആലപ്പുഴ കളക്ട്രേറ്റ്-ബീച്ച് റോഡിന്റെ നിര്‍മാണം ആരംഭിച്ചു.
വൈറ്റ് ടോപ്പിങ്ങിന്റെ ഭാഗമായി ചെന്നൈയില്‍ നിന്നുള്ള ജര്‍മന്‍ മെഷീന് ഉപയോഗിച്ചുള്ള മില്ലിംഗ് ജോലികൾ കാണുന്നതിനും പരിശോധിക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ വെള്ളിയാഴ്ച രാത്രി 9 മണിയോടെ കലക്ടറേറ്റിനു മുന്നിൽ എത്തി. റോഡുപണി നേരിട്ട് കണ്ട ശേഷം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി.
വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യയില്‍ ആലപ്പുഴയിൽ 12 കിലോമീറ്റർ നഗര പിഡബ്ല്യുഡി റോഡുകള്‍ പണിയുമെന്ന് അദ്ദേഹം പറഞ്ഞു. ബാംഗ്ലൂർ നഗരത്തിൽ ഒരു കിലോമീറ്ററിന് 10 കോടി രൂപ ചെലവഴിച്ച് അവര്‍ വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യയില്‍ റോഡ് നിര്‍മിച്ചിട്ടുണ്ട്.
എന്നാൽ കേരളത്തിൽ റോഡ് വീതി കുറവായതിനാൽ അത്രയും തുക ആവശ്യമായി വരില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ആലപ്പുഴ നഗരത്തിൽ 41 കിലോമീറ്റർ ആണ് പിഡബ്ല്യുഡി റോഡ്. ഇതില്‍ 21 റോഡുകള്‍ ഉള്‍പ്പെടും.
ഇതില്‍ 12 കിലോമീറ്റർ ഭാഗം വൈപ്പിങ് ഉപയോഗിച്ചും ബാക്കി ബി.എം.ബി.സി ആയുമാണ് നിര്‍മിക്കുക. വൈറ്റ് ടോപ്പിങ്ങിന് 25 കോടി രൂപ ചെലവഴിക്കും.കേരളത്തില്‍ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ വൈറ്റ് ടോപ്പിങ് ഉപയോഗിച്ച് നിര്‍മാണം നടത്തുന്നുണ്ട്.
വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ
നിലവിലെ റോഡിന്റെ ഉപരിതലം ചെന്നൈയിൽ നിന്ന് കൊണ്ടുവന്ന ജർമൻ സാങ്കേതിക വിദ്യയി ലുള്ള മെഷീൻ ഉപയോഗിച്ച് മുറിച്ചുനീക്കി നിരപ്പാക്കിയതിനുശേഷം പുറമേ ടാറിംഗ് ജോലികൾ ചെയ്യും.
ടാറിംഗ് പണികൾക്കുശേഷം ഉപരിതലത്തിൽ 20 സെന്റിമീറ്റർ ഉയരത്തിൽ കോൺക്രീറ്റ് ചെയ്യുന്നതാണ് വൈറ്റ് ടോപ്പിംഗ് രീതി. 30 വർഷത്തോളം റോഡുകൾക്ക് കേടുപാട് സംഭവിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.