കായംകുളം: നിർമാണം നടക്കുന്ന പാർക്ക് ജംഗ്ഷൻ പാലത്തിന്റെ നിർമ്മാണം തടയുകയും സൈറ്റിൽ കൊടികെട്ടുകയും ചെയ്യ്ത സംഭവം ഗുരുതരമായ ചട്ടലംഘനമാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. സർക്കാരിന്റെ ഫണ്ട് വിനിയോഗിച്ച് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ തടയുകയും കൊടി കെട്ടിയതും ജാമ്യമില്ലാത്ത കുറ്റമാണ്.
നാടിന്റെ വികസനത്തിനായുള്ള പദ്ധതികൾ തടഞ്ഞതിലൂടെ നാടിനെ അപമാനിക്കുകയാണ് ചെയ്തത്. പാലത്തിന്റെ ബീം നിർമാണത്തിനു അവശ്യമായ സൈസ് ഷട്ടറുകൾ സപ്പോർട്ട് ചെയ്യുന്നതിനു വേണ്ടി കരാറുകാരൻ നിയമാനുസരണം ലോറിയിൽ കൊണ്ടുവന്ന കമ്പികളാണ് തടഞ്ഞത്.
പൊതുമരാമത്ത് വകുപ്പിന്റെ ക്വാളിറ്റി കൺട്രോൾവിഭാഗം സൈറ്റ് സന്ദർശിച്ച് പ്രവർത്തികളുടെയും നിർമാണസാമഗ്രികളുടെയും ഗുണനിലവാരം ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട്.
ആരോപണത്തിൽ ഉന്നയിക്കുന്നത് പോലെ സൈറ്റിൽ ഇറക്കിയ കമ്പികൾ നിർമാണത്തിന് ഉപയോഗിക്കുന്ന രീതിയിൽ ഉള്ള കമ്പികൾ അല്ല എന്ന് വ്യക്തമാണെന്നും ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.