ജിജി ലൂക്കോസ്
തിരുവനന്തപുരം: ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കേ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം. ആരിഫ് എംപി രംഗത്ത്.
ദേശീയപാത 66ൽ അരൂർ മുതൽ ചേർത്തല വരെ (23.6 കിലോമീറ്റർ) നിർമ്മിച്ചതിൽ ക്രമക്കേടുണ്ടെ ന്നാണ് ആരിഫിന്റെ ആരോപണം.
കുറ്റക്കാർക്കെതിരേ നിയമ നടപടി വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു അയച്ച കത്തിൽ ആരിഫ് ആവശ്യപ്പെട്ടു.2019ലാണ് ദേശീയപാതയുടെ പുനർനിർമാണം നടന്നത്. ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു അന്ന് നിർമാണം നടത്തിയത്.
മൂന്നു വർഷത്തെ ഗ്യാരണ്ടിയാണ് പറഞ്ഞിരുന്നതെങ്കിലും ഒന്നര വർഷമായപ്പോഴേക്കും റോഡിൽ കുഴികൾ രൂപപ്പെട്ടെന്നും യാത്ര ദുഷ്കരമായെന്നുമാണ് ആരിഫ് പറയുന്നത്.
ദിനംപ്രതിയെന്നോണം രൂപപ്പെടുന്ന കുഴികൾ താത്കാലികമായി മൂടുന്നുണ്ടെ ങ്കിലും പുതിയ സ്ഥലങ്ങളിൽ കുഴികൾ രൂപപ്പെടുകയാണ്.
36 കോടി രൂപ ചെലവിൽ നിർമിച്ച പദ്ധതിയിൽ സാരമായ അപാകതകളുണ്ടായെന്നു സംശയമുണ്ടെ ന്നും എംപി കത്തിൽ പറയുന്നു.
അന്പലപ്പുഴയിലെ സിപിഎം വിഭാഗീയത വിഷയം സംസ്ഥാന സമിതി യോഗത്തിൽ ചർച്ച ചെയ്യാനിരിക്കേയാണ് മുൻ മന്ത്രിക്കെതിരേയുള്ള പാർട്ടി എംപിയുടെ നീക്കം പുറത്തുവന്നിരിക്കുന്നത്.
അന്പലപ്പുഴയിലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി. സുധാകരനെതിരേ എ.എം. ആരിഫ് എംപി ശക്തമായ നിലപാട് എടുത്തിരുന്നു.