അമ്പലപ്പുഴ : ജി.സുധാകരനെ സി പി എം സംസ്ഥാന നേതൃത്വം പരസ്യമായി ശാസിച്ചതോടെ സുധാകര പക്ഷത്തു നിന്ന് മറുചേരിയിലേക്ക് ചാട്ടം തുടങ്ങി.
ഇവർ നവ മാധ്യമങ്ങളിലൂടെയും അല്ലാതെയും സുധാകരനെ പുകഴ്ത്തി പാടി നടന്ന വരായിരുന്നു. നടപടി വന്നതോടെ മുൻ പ്രവർത്തന രീതിയെ ചോദ്യം ചെയ്ത് എച്ച്സലാം എം.എൽ.എ ക്കു മുൻ തൂക്കമുള്ള അമ്പലപ്പുഴ ഏരിയാ കമിറ്റിയുടെ കൂടെയാണെന്നു വരുത്താനാണു പെടാപ്പാട് നടത്തുന്നത്.
ഒപ്പം നിന്നവർ
കഴിഞ്ഞ നിയമാസഭാ തെരെഞ്ഞെടുപ്പിൽ സുധാകരന് സീറ്റ് നിഷേധിച്ചപ്പോഴും അതിന് മുമ്പും പല കാര്യങ്ങൾ സാധിക്കാൻ സ്തുതി പാഠകരായി ഒപ്പമുണ്ടായിരുന്നവരാണ് ഇപ്പോൾ മലക്കംമറിഞ്ഞിരിക്കുന്നത്.
അതേസമയം ആലപ്പുഴയുടെ വട വ്യക്ഷമായിരുന്ന ജി.സുധാകരൻ പാർട്ടിയിൽ ഒന്നുമല്ലാതായി തീരുന്നതിന്റെ ആഹ്ളാദം ഏറ്റവും കൂടുതൽ പങ്കു വയ്ക്കുന്നത് പുന്ന പ്രയിലെ വി.എസ് ക്യാമ്പുകളിലാണ്.
വി.എസ് അച്ചുതാന്ദന്റെ സ്വന്തം നാടായ പുന്ന പ്രയിലെ ഭൂരിഭാഗം നേതാക്കളെയും ഒരു കാലത്ത് പിണറായി പക്ഷത്ത് എത്തിക്കാൻ അരയും തലയും മുറുക്കി അങ്കത്തിനിറങ്ങിയത് സുധാകരനായിരുന്നു.
അത് വിജയം കാണുകയും ചെയ്തതോടെ പുന്ന പ്ര യിൽ വി.എസിന് ജയ് വിളിക്കാൻ ആളില്ലാതെയായി. ആലപ്പുഴയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലും വി.എസ് എന്ന പോരാളിയെ ഒതുക്കാൻ സംസ്ഥാന നേതൃത്വം കളരിയിലിറക്കിയത് സുധാകരനെയായിരുന്നു.
ആ സമ്മേളന വേദിയിൽ നിന്ന് വി.എസ് ഇറങ്ങി പോയത് ഏറെ വിവാദമായിരുന്നു. ദ്യശ്യ മാധ്യമങ്ങൾ അടക്കം ആഴ്ചകളോളമാണ് ഈ വാർത്ത ആഘോഷമാക്കിയത്.
പാർട്ടിക്കു വഴങ്ങി..
അന്ന് പിണറായി പക്ഷത്തിന്റെ ചങ്കായിരുന്നു ജി.സുധാകരനെന്ന കരുത്തനായ നേതാവ്. ആ നേതാവ് ചിറകിനടിയിൽ വെച്ച് വളർത്തി വലുതാക്കിയ യുവ നേതൃനിര തിരിഞ്ഞതോടെ പാർട്ടിക്കു വഴങ്ങി മുന്നോട്ടു പോകുക മാത്രമാണ് ഇനി ഈ നേതാവിന്റെ മുന്നിലുള്ള വഴി.
ഈ തിരിച്ചറിവ് പ്രാദേശിക ഘടകങ്ങളിലും വ്യാപിച്ചതോടെ മറു കണ്ടം ചാടുക മാത്രമാണ് തങ്ങളുടെയും സുരക്ഷ എന്നതാണ് ഇതു വരെ സ്തുതി പാടിനടന്ന വരുടെയും തീരുമാനം.