അമ്പലപ്പുഴ : നിയമസഭാ തെരഞ്ഞെടടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചെന്ന ആരോപണം നേരിടുന്ന മുൻ മന്ത്രി ജി. സുധാകരൻ പാർട്ടിയിൽ ഒറ്റപ്പെടുന്നു.
സുധാകരനെതിരെ പാർട്ടി സംസ്ഥാന നേതൃത്വം അന്വേഷണത്തിനു തീരുമാനമെടുത്തതോടെ സുധാകരനെ നേതാക്കളും കൈവിട്ട മട്ടാണ്. എച്ച്. സലാമിന്റെ നേതൃത്വത്തിലുള്ള സുധാകരവിരുദ്ധപക്ഷമാണ് ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്.
സുധാകരൻ മത്സരിച്ചുവന്ന മണ്ഡലത്തിൽ എച്ച്. സലാം വിജയിച്ചെങ്കിലും സുധാകരനു ലഭിച്ചുവന്നിരുന്ന ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതു സുധാകരന്റെ വീഴ്ചയാണെന്നാണ് പ്രധാന ആരോപണം.
അഴിമതി രഹിതൻ എന്ന അദ്ദേഹത്തെ പ്രതിഛായയിൽ കളങ്കമേൽപ്പിക്കാനും ശ്രമമുണ്ട്. അതിന്റെ ഭാഗം കൂടിയാണ് തെരഞ്ഞെടുപ്പ് സമയത്ത് കരാറുകാരിൽനിന്നുൾപ്പെടെ പ്രചരണത്തിനായി ലഭിച്ച ഫണ്ട് സുധാകരൻ നൽകിയില്ലെന്ന ആക്ഷേപം പ്രധാനമായും ഇപ്പോൾ ഉയർത്തിയിരിക്കുന്നതും.
ഏകദേശം രണ്ട് കോടിയിൽപ്പരം രൂപ ലഭിച്ചുവെങ്കിലും ഒൻപതു ലക്ഷം രൂപ മാത്രമാണ് പ്രചരണത്തിനായി നൽകിയതെന്നും സംസ്ഥാന, ജില്ലാ നേതൃത്വത്തിനു പരാതി ലഭിച്ചിട്ടുണ്ട്. വിവിധ സഹകരണ ബാങ്കുകളിൽനിന്നു തെരെഞ്ഞെടുപ്പ് അവശ്യത്തിനു പണം എടുക്കേണ്ടി വന്നെന്നും സലാം പരാതിയിൽ പറയുന്നുണ്ട്.
വോട്ടുമറിക്കലോ?
വോട്ട് മറിച്ചുവെന്ന ആക്ഷേപം കൂടാതെ സ്ഥാനാർഥിയായിരുന്ന എച്ച്. സലാമിനെതിരെ പല കോണുകളിൽനിന്നു ആക്ഷേപങ്ങൾ ഉയർന്നെങ്കിലും ഇവയൊന്നും പ്രതിരോധിക്കാനും സുധാകരൻ തയാറായില്ലെന്നും എതിർപക്ഷം പരാതി പറയുന്നു .
മന്ത്രിയും എംഎൽഎയുമായി പ്രവർത്തിച്ച കാലഘട്ടങ്ങളിലൊക്കെ പൊതുവേദികളിൽ മറ്റും നേതാക്കളെയും പ്രവർത്തകരെയും ആക്ഷേപിക്കുന്ന പതിവ് ശൈലിക്കെതിരെയും വ്യാപക പ്രതിഷേധമുയുയർന്നിരുന്നു. ഈ പരാതികളെല്ലാം പാർട്ടി ഇപ്പോൾ അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വിവാദങ്ങളുടെ പെരുമഴ
കമ്മീഷൻ സുധാകരനിൽനിന്നു നേരിട്ടു വിശദീകരണം തേടുമെന്ന സൂചനയുണ്ട്. കൂടാതെ സംസ്ഥാന, ജില്ലാക്കമ്മിറ്റികളിൽനിന്നു സുധാകരൻ വിട്ടു നിന്നതിനും വിശദീകരണം തേടാനും ഇടയുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തു സജീവമല്ലാതിരുന്ന സുധാകരനെതിരെ നടപടിക്കു സാധ്യതയുണ്ടെന്ന സൂചനയാണ് മുതിർന്ന നേതാക്കൾ നൽകുന്നത്.
മുൻപ് പേഴ്സണൽ സ്റ്റാഫംഗമായിരുന്ന ഉഷാ സാലിയെ പൊതു വേദിയിൽ അപമാനിച്ചതും പിന്നീട് കേസ് ഒത്തുതീർപ്പാക്കിയതും വിവാദമായിരുന്നു. ഇതിനു പിന്നാലെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കേസിലും സുധാകരനെതിരെ വലിയ രീതിയിൽ വിമർശനമുയർന്നിരുന്നു.
അലവൻസ് പോലും കൈപ്പറ്റാതെ മികച്ച രീതിയിൽ പ്രവർത്തിച്ച കാർഡ് ബാങ്ക് പ്രസിഡൻ്റായിരുന്ന മുതിർന്ന നേതാവിനെ ഈ സ്ഥാനത്തുനിന്നു മാറ്റിയ സുധാകരന്റെ നടപടിയും വലിയ വിവാദമായിരുന്നു.
പിണറായിപക്ഷം
ഒരു കാലത്ത് വി.എസ് ഗ്രൂപ്പിന്റെ വക്താവായിരുന്ന സുധാകരൻ പിന്നീട് പിണറായി പക്ഷത്തോടൊപ്പം ചേരുകയായിരുന്നു. വി.എസ്. ഗ്രൂപ്പിനെ ഇല്ലാതാക്കാൻ ജില്ലയിൽ പിണറായിപക്ഷം ആയുധമാക്കിയതു സുധാകരനെയായിരുന്നു. ഇപ്പോൾ വി.എസ്.പക്ഷം ഇല്ലാതായതോടെ സുധാകരനെ കൈവിടുന്ന സ്ഥിതിയാണ്.
ഏറെ വിവാദമായ പൊളിറ്റിക്കൽ ക്രിമിനൽ പരാമർശമാണ് സുധാകരനെ വെട്ടിൽ വീഴ്ത്തിയത്. അരൂർ ഉപതെരഞ്ഞെടുപ്പ് കാലത്തു ഷാനിമോൾ ഉസ്മാനെതിരെ പൂതന പരാമർശം നടത്തിയതും ഇവിടുത്തെ പരാജയത്തിനു കാരണമായെന്ന ആക്ഷേപം ഉയർന്നിരുന്നു.
ഇവയെല്ലാം അവസരം ലഭിച്ചപ്പോൾ സുധാകര വിരുദ്ധ പക്ഷം ആയുധമായി ഉപയോഗിക്കുകയാണ്. പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ ഈ പരാതിയും ആരോപണങ്ങളും എല്ലാം ഏതു രീതിയിൽ ബാധിക്കും എന്ന ആശങ്കയിലാണ് സുധാകരപക്ഷം.