അന്പലപ്പുഴ: പൊതു പരിപാടികളിൽ നിന്ന് തന്നെ ഒഴിവാക്കുന്ന മന്ത്രി ജി.സുധാകരന്റെ നിലപാടിനെതിരെ ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ രംഗത്ത്. രാഷ്ട്രീയ പ്രതികാരം തീർക്കാൻ മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തുകയാണെന്നും എ.ആർ. കണ്ണൻ ആരോപിച്ചു.
അന്പലപ്പുഴ ഗവ. മോഡൽ സ്കൂളിലെ ഓഡിറ്റോറിയ നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസിന് പരാതി നൽകിയ ശേഷമാണ് മന്ത്രി തന്നെ പൊതുപരിപാടികളിൽ നിന്ന് ഒഴിവാക്കി തുടങ്ങിയതെന്നാണ് ആരോപണം.
ഓഡിറ്റോറിയ നിർമാണത്തിലെ അഴിമതിയെക്കുറിച്ച് മന്ത്രിയോട് നേരിട്ട് പരാതി പറഞ്ഞിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് വിജിലൻസിന് പരാതി നൽകിയത്. സമാന സംഭവം കെ.കെ. കുഞ്ചുപിള്ള സ്കൂളിൽ ഉണ്ടായപ്പോൾ മന്ത്രി സ്വയം പരാതിക്കാരനായി മാറുകയായിരുന്നു. ജില്ലാ പഞ്ചായത്തംഗമായ തന്നെ സർക്കാർ പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന തരത്തിൽ മന്ത്രി പ്രസംഗിച്ചത് സത്യപ്രതിജ്ഞാലംഘനമാണ്.
രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഒരു ജനപ്രതിനിധിയെ പൊതുപരിപാടികളിൽ നിന്നും മാറ്റി നിർത്തുന്നത് മാന്യതയ്ക്കു നിരക്കാത്തതാണെന്ന് മന്ത്രി സ്വയം വിലയിരുത്തണമെന്നും കണ്ണൻ പറഞ്ഞു.ഇതിനെതിരെ മുഖ്യമന്ത്രിക്കും, നിയമസഭാ സ്പീക്കർക്കും പരാതി നൽകുമെന്ന് എ.ആർ. കണ്ണൻ പറഞ്ഞു.