അന്പലപ്പുഴ: സിപിഎമ്മിന്റെ മുതിർന്ന നേതാവ് ജി. സുധാകരൻ വീണ്ടും അങ്കത്തിനിറങ്ങുമോ? വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മന്ത്രി ജി.സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുമോയെന്ന് രാഷ്ട്രീയ കേരളം ഉറ്റു നോക്കുകയാണ്. പാർട്ടിയിൽ സംസ്ഥാനക്കമ്മിറ്റിയംഗമായിരുന്ന സുധാകരൻ ഇപ്പോൾ ബ്രാഞ്ചിലാണ് പ്രവർത്തിക്കുന്നത്. ഇടക്കാലത്ത് വിശ്രമത്തിലായിരുന്ന സുധാകരൻ ഇപ്പോൾ വീണ്ടും സജീവമായതോടെ വിവാദങ്ങളിലും ഇടം നേടിയിരിക്കുകയാണ്.
കോൺഗ്രസ് വേദിയിൽ പങ്കെടുത്തതാണ് വിവാദത്തിന് കാരണമായത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരിപാടികളിൽ സജീവ സാന്നിധ്യമായ സുധാകരൻ പല വേദികളിലും പരോക്ഷമായി സർക്കാരിനെയും പാർട്ടിയെയും രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്. സുധാകരന്റെ പല പ്രതികരണങ്ങളും പാർട്ടിയേയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
എന്നാൽ, ഇതൊന്നും വകവെക്കാതെ സുധാകരൻ പല വിഷയങ്ങളിലും തന്റെ നിലപാടുകൾ പച്ചയായി പറയുകയാണ്. കഴിഞ്ഞ ദിവസം പെൻഷൻ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരേയും സുധാകരൻ തുറന്നടിച്ചിരുന്നു.അമ്പലപ്പുഴ ഏരിയാ സമ്മേളനം തന്റെ വീടിന് തൊട്ടരികിൽ നടന്നിട്ടും ക്ഷണിക്കാതിരുന്ന പാർട്ടി നേതൃത്വത്തോട് സുധാകരന് ഇപ്പോഴും കടുത്ത അതൃപ്തിയാണുള്ളത്.
വി.എസ് സർക്കാരിന്റെ കാലത്തും ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും മികച്ച മന്ത്രിയെന്ന് പ്രതിപക്ഷം പോലും അംഗീകരിച്ച സുധാകരനെയും മറ്റ് ചിലരെയും പിണറായി വിജയൻ ഒഴിവാക്കുകയായിരുന്നു. ഈ സമ്മേളന കാലയളവിൽ എല്ലാ നേതാക്കൾക്കും പ്രായപരിധി ഏർപ്പെടുത്തിയപ്പോഴും പിണറായി വിജയന് ഇത് ബാധകമാക്കിയില്ല.
ഇതിലും സുധാകരൻ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് വേദിയിൽ സുധാകരൻ പങ്കെടുത്തത്. ജി.സുധാകരൻ അമ്പലപ്പുഴയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യമാണ് മണ്ഡലത്തിലെ വോട്ടർമാർ ചോദിക്കുന്നത്. അതിനിടെ കോൺഗ്രസ് സ്വതന്ത്രനായി സുധാകരൻ മത്സരിക്കുമെന്ന പ്രചരണവും ഉയർന്നിട്ടുണ്ട്.
മൂന്നു തവണ തുടർച്ചയായി അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച സുധാകരൻ ഇത്തവണ അങ്കത്തിനിറങ്ങിയാൽ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് സുധാകരനെ അനുകൂലിക്കുന്ന വോട്ടർമാർ പറയുന്നത്.
സംസ്ഥാന സർക്കാരിന്റെയും പാർട്ടിയുടെയും പല നിലപാടുകളിലും അസംതൃപ്തരായ സിപിഎം പ്രവർത്തകരുടെയടക്കം വോട്ട് സുധാകരന് ലഭിക്കുമെന്ന കണക്കുകൂട്ടലുമുണ്ട്. മൂന്ന് മുന്നണിയിലും സ്ഥാനാർഥി ചർച്ച ആരംഭിച്ചിട്ടില്ലെങ്കിലും സുധാകരന്റെ നിലപാടിനായി കാത്തിരിക്കുകയാണ് മൂന്നു മുന്നണികളും.സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ എത്തിയാൽ പിന്തുണ കൊടുക്കാനാണ് കോൺഗ്രസ് നീക്കം.