ആലപ്പുഴ: പരീക്ഷകൾ വിദ്യാർഥി സൗഹൃദമാകണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. പഠനം പരീക്ഷകൾക്ക് വേണ്ടിയാകരുത് വിദ്യാർഥികളിൽ നൻമയും സാംസ്കാരിക ബോധവും സൃഷ്ടിക്കാനാകണം. അതുകൊണ്ട് തന്നെ വിദ്യാർഥികൾ പഠനത്തേക്കാൾ പരീക്ഷയെ ഗൗരവത്തിൽ കാണുകയും ഭയപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എൽസി, പ്ലസ് ടൂ, വിദ്യാർഥികൾക്കായി എസ്എസ്എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച എക്സലൻസി ടെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി അബുഖാരി അധ്യക്ഷത വഹിച്ചു. ലജനത്തമ മുഹമ്മദിയ്യ സ്കൂൾ മാനേജർ എ. എം. നസീർ, കേരള മുസ് ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്. നസീർ, കെ. അബ്ദുൽ റശീദ്, സ്വലാഹുദ്ദീൻ അയ്യൂബി, തുടങ്ങിയവർ പങ്കെടുത്തു.
വിവിധ ജില്ലകളിൽ എം നൗശാദ് എംഎൽഎ (കൊല്ലം), കെ.ജെ മാക്സി എംഎൽഎ (എറണാകുളം), ഡിഡിഇ, പി. കൃഷ്ണൻ (പാലക്കാട്), പ്രഫ: എ പി അബ്ദുൽവഹാബ് (കോഴിക്കോട്) , മുരളി പെരുനെല്ലി എം എൽ എ (തൃശൂർ)അഡ്വ ശ്രീധരൻ നായർ എന്നിവർ ഉദ്ഘാടനം ചെയ്തു.