തിരുവനന്തപുരം: മുൻമന്ത്രി കെ.കെ. ഷൈലജയ്ക്കെതിരേ ഒളിയമ്പുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ രംഗത്ത്. ആരാണ് ടീച്ചറമ്മ എന്നായിരുന്നു സുധാകരന്റെ ചോദ്യം. ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അവരുടെ പേര് പറയുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച തിരുവല്ലയിൽ കേരള കോൺഗ്രസ്-ജോസഫ് വിഭാഗം നേതാവ് ജോസഫ് എം. പുതുശേരിയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് ജി. സുധാകരന്റെ പരാമർശമുണ്ടായത്.
ഒരു പ്രത്യേക വ്യക്തി മന്ത്രി ആവാത്തതിന് വേദനിക്കേണ്ട ആവശ്യമില്ല. കഴിവുള്ള ഒരുപാട് പേർ കേരളത്തിൽ മന്ത്രിമാർ ആയിട്ടില്ല. പുസ്തകം പ്രകാശനം ചെയ്ത പ്രതിപക്ഷ നേതാവിന്റെ നിയമസഭാ പ്രസംഗങ്ങളെ പ്രശംസിക്കാൻ തയാറായ സുധാകരൻ പുസ്തകത്തിൽ ഇടത് സർക്കാരിന്റെ സത്യപ്രതിജ്ഞയില് മന്ത്രിമാരെക്കുറിച്ചു പറയുന്ന ഭാഗത്ത് കെ.കെ. ഷൈലജയെ ടീച്ചറമ്മ എന്ന് വിശേഷിപ്പിച്ചതാണ് പ്രകോപിപ്പിച്ചത്.
പലരും പല തരത്തിൽ മന്ത്രിമാർ ആകുന്നുണ്ട്. നല്ലതുപോലെ സംസാരിക്കുന്നതല്ല മന്ത്രിസ്ഥാനം ലഭിക്കുന്നതിനുള്ള യോഗ്യത. മന്ത്രിയാകണമെങ്കിൽ കുറച്ചുകാലം പാർട്ടിക്കുവേണ്ടി കഷ്ടപ്പെടണം. അത്യാവശ്യം ഒരു ലാത്തിയൊക്കെ ദേഹത്ത് കൊള്ളണം. അങ്ങനെയൊക്കെയാണ് മന്ത്രി ആകേണ്ടത്.
പൊളിറ്റിക്കൽ ക്രിമിനലുകൾ കേരളത്തിൽ വളർന്നുവരുന്നു. കൃഷി മന്ത്രിമാർ കൃഷിയെപ്പറ്റി ഘോരഘോരം പ്രസംഗിക്കുമെന്നും എന്നാൽ വാക്കുകൾ പ്രാവർത്തികമാക്കുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
എം.ടി. വാസുദേവൻ നായർക്കെതിരേ കഴിഞ്ഞ ദിവസം നടത്തിയ വിമർശനത്തിൽനിന്നും അദ്ദേഹം മലക്കം മറിഞ്ഞു. എം.ടി പഠിപ്പിക്കാൻ വരേണ്ടെന്ന് താൻ പറഞ്ഞുവെന്നാണ് മാധ്യമവാർത്തകൾ വന്നത്. എം.ടിയല്ല ഒരു കൊച്ചുകുട്ടിയിൽ നിന്നുപോലും നമ്മുക്ക് പഠിക്കാനുണ്ടാകും. പറയുന്നത് മറ്റൊരു തരത്തിലാണ് മാധ്യമങ്ങൾ നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു.