പോത്തന്‍കോട് : യുവതിയെ ഗോവയിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎം മംഗലപുരം ഏരിയാ സെക്രട്ടറിയും കഴക്കൂട്ടം ചെങ്കോട്ടുകോണം സ്വദേശിയുമായ ജി വിനോദിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാര്‍ട്ടിയിലെ പടലപിണക്കം മുറുകുന്നു.
വിനോദ് ഗോവയിൽ അറസ്റ്റിലായ വാർത്ത പ്രചരിപ്പിക്കാൻ പാർട്ടിക്കുള്ളിൽ തന്നെ ചിലർ ശ്രമിച്ചുവെന്നാണ് ആരോപണം. നേരത്തെ ഐരൂപ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതാക്കളായ ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ മുന്നില്‍ നിന്നത് വിനോദാണെന്നും അതുമായി ബന്ധപ്പെട്ടു പാര്‍ട്ടിയില്‍ ചേര് തിരിവ് ഉണ്ടായതായും അണികള്‍ക്കിടയില്‍ സംസാരമുണ്ട്.
പാര്‍ട്ടിയിലും ഏരിയാ സെക്രട്ടറി എന്നതലുപരി വളരെയധികം സ്വാധീനം ഉള്ള വ്യക്തിയായിരുന്നു വിനോദ്. പാര്‍ട്ടിയില്‍ നിന്ന് ചികിത്സയ്ക്കെന്ന പേരില്‍ ലീവ് എടുത്താണ് വിനോദ് ഗോവയിലെയ്ക്ക് പോയത്. മലയാളി യുവതിയെ പോര്‍ച്ചുഗീസ് പാസ് പോര്‍ട്ട് തരപ്പെടുത്താമെന്നു വാഗ്ദാനം നല്കി ഗോവയില്‍ എത്തിയ്ക്കുകയായിരുന്നു.ഗോവ മഡ്ഗാവ് വുഡ് ലാൻഡ് ഹോട്ടൽ ഇവര്‍ എത്തുകയും രണ്ടു റൂമുകള്‍ എടുക്കുകയും ചെയ്തു.
തുടര്‍ന്ന് രാത്രിയോടെ ഇയാള്‍ മുപത്തി അഞ്ചു വയസുള്ള യുവതിയുടെ മുറിയില്‍ അതിക്രമിച്ചു കടക്കുകയും യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്നു യുവതി ബഹളം വെയ്ക്കുകയും ഇറങ്ങി ഓടി റിസപ്ഷനില്‍ എത്തി ഹോട്ടല്‍ ജീവനക്കാരോട് പറയുകയും ഇവര്‍ ഗോവ മഡ്ഗാവ് പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്നു പോലിസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തനിക്ക് ഭീഷണിയുള്ളതായും യുവതി പോലീസിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ടു വിനോദിനെ പാര്‍ട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു.