ഓർഡിനറി എന്ന മലയാള ചിത്രത്തിൽ ഗവി ബോയ് എന്ന സരസനാമം ഏവർക്കും ചിരിപടർത്തി. സ്പാനിഷ് ഫുട്ബോൾ ടീമിലേക്ക് എത്തിയാൽ ഗവി ഗാവിയാകും, പക്ഷേ ബോയ് എന്നതിനു മാറ്റമില്ല. കാരണം, ഗാവിക്ക് പ്രായം വെറും 17 വർഷവും 62 ദിനവും മാത്രം.
പറഞ്ഞുവരുന്നത് ഇറ്റലിക്കെതിരായ യുവേഫ നേഷൻസ് ലീഗ് സെമിയിൽ സ്പാനിഷ് ദേശീയ ജഴ്സിയിൽ അരങ്ങേറിയ പാബ്ലൊ മാർട്ടിനെസ് ഗാവിര എന്ന ഗവിയെക്കുറിച്ച്.
രാജ്യാന്തര ഫുട്ബോളിൽ ഇറ്റലിക്കായി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഇനി ഗാവിക്ക് സ്വന്തം.
85 വർഷം പഴക്കമുള്ള റിക്കാർഡാണ് ഗാവി തിരുത്തിയത്. 1936ൽ ആംഗൽ സുബിയേറ്റ 17 വർഷവും 284 ദിവസവും പ്രായമുള്ളപ്പോൾ അരങ്ങേറിയതായിരുന്നു ഇതുവരെയുള്ള സ്പാനിഷ് റിക്കാർഡ്.
ലാ ലിഗ ക്ലബ്ബായ റയൽ ബെറ്റിസിലൂടെയാണ് ഗാവി പന്തു തട്ടി വളർന്നത്. 11-ാം വയസിൽ ബാഴ്സയുടെ കുട്ടിസംഘത്തിലെത്തി.
ബാഴ്സലോണ ബി ടീമിനായി മൂന്ന് മത്സരങ്ങൾ മാത്രം കളിച്ചശേഷം ഓഗസ്റ്റിൽ ബാഴ്സ സീനിയർ ടീമിലേക്ക്.ബാഴ്സയ്ക്കായി 10 മത്സരങ്ങൾ ഇതിനോടകം കളിച്ചു. അസാമാന്യ താരമെന്നാണ് സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്വെ ഗാവിയെ വിശേഷിപ്പിച്ചത്.