മുക്കം: ഗാര്‍ഹിക പീഡന കേസില്‍ ഹരജിക്കാരിക്കു 23,45,000 രൂപ നഷ്ട പരിഹാരം നല്കാന് കോടതി വിധി.
അദ്ധ്യാപികയായിരുന്ന കൊടിയത്തൂര്‍ ‘മിഥിലയില്‍’ സോഫിയ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ പിതാവിനും എതിരെ താമരശ്ശേരി ജൂഡിഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) മുന്‍പാകെ സമര്‍പിച്ച ഹര്‍ജിയിലാണ് വിധി.
ഭര്‍ത്താവായിരുന്ന കൊടിയത്തൂര്‍ പൂളക്കമണ്ണില്‍ മന്‍സൂര്‍ അലി,പിതാവ് അഹമ്മദ് എന്നിവര്‍ തന്നെ മാനസികവും ശാരീരികവുമായ പീഡന ങ്ങള്‍ക്കു വിധേയയാക്കുകയും സ്വര്‍ണാഭരണങ്ങളും പണവും ദുര്‍വിനിയോഗം ചെയ്യുകയും വിവാഹബന്ധത്തില്‍ പിറന്ന കുട്ടിയെ ചെലവിനു നല്‍കാതെ ബുദ്ധിമുട്ടിക്കുകയും ചെയ്തെന്ന് ആരോപിച്ചായിരുന്നു ഹരജി.
അതേസമയം താന്‍ സോഫിയയെ തലാക്കു ചൊല്ലിയെന്നും പുനര്‍വിവാഹം ചെയ്തെന്നും മന്‍സൂര്‍ അലി വാദിച്ചു.
എന്നാല്‍ മന്‍സൂര്‍ അലി മാസം പ്രതി 7000 രൂപ കുട്ടിക്ക് ചിലവിനു നല്‍കണമെന്നും ഹരജിക്കാരിയില് നിന്ന് എടുത്തു പറ്റിയ മുതലുകള്‍, പണം, നഷ്ടപരിഹാരം എന്നീ നിലകളില്‍ 23,45,000 രൂപ നല്‍കണമെന്നുമാണ് വിധി.
പ്രത്യേക സാഹചര്യം പരിഗണിച്ചുള്ള കോടതി വിധിയാണുണ്ടായത്.വാദി ഭാഗത്തിനു വേണ്ടി അഡ്വ.പി.സി നജീബ് ഹാജരായി.