കോഴിക്കോട് സെൻട്രൽ മാർക്കറ്റിലെത്തിയാൽ ഗഫൂറിനെ കാണാം.. മീനുകൾ വെട്ടിമുറിക്കുന്ന ജോലിക്കാരനായി. സിനിമ സെറ്റിലെത്തിയാൽ ചിലപ്പോൾ അവിടെയും കാണും ഗഫൂർ പൊക്കുന്ന് നടനായി.
സീരിയലിലും നാടകത്തിലും താരമാണ് ഗഫൂർ! 30 സിനിമകളിലും പത്തു സീരിയലുകളിലും നിരവധി നാടകങ്ങളിലും ഇതിനകം വേഷമിട്ടു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ,ജയറാം എന്നിവർക്കൊപ്പം ഗഫൂർ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ അദ്ദേഹം പുതിയ സംവിധാനമേലങ്കി അണിയുന്നു എന്നുള്ളതാണ് പുതിയ വാർത്ത.17-ാം വയസിൽ നടൻ അബു സർക്കാറാണ് അഭിനയരംഗത്തേക്കു ഗഫൂറിനെ കൊണ്ടുവന്നത്. വടക്കാഞ്ചേരി അകമല തിയറ്റേഴ്സിന്റെ വീണ്ടും ഹജ്ജിന് എന്ന നാടകത്തിൽ പോസ്റ്റ് മാനായി വേഷമിട്ടായിരുന്നു തുടക്കം.
തുടർന്ന് നിരവധി നാടകങ്ങളിൽ വേഷമിട്ടു. ഇതിനിടെ ചിരി ബോംബ് എന്ന നാടകം എഴുതി. ഈ നാടകം സംവിധാനം ചെയ്തതു പ്രശസ്ത നടൻ കുതിരവട്ടം പപ്പുവായിരുന്നു. കുതിരവട്ടം പപ്പു സംവിധായകൻ വി.എം. വിനുവിനെ പരിചയപ്പെടുത്തി.
വി.എം.വിനുവിന്റെ ആകാശത്തിലെ പറവകൾ എന്ന ചിത്രത്തിൽ വേഷമിട്ടു. കലാഭവൻ മണി നായകനും ഐ.എം വിജയൻ വില്ലനുമായ സിനിമയിൽ മീൻകാരൻ മമ്മദായിട്ടായിരുന്നു തുടക്കം.
സുധീഷ് ശങ്കർ സംവിധാനം ചെയ്ത തമിഴ് ചിത്രം ആർമനമെയിലും അഭിനയിച്ചു. കോഴിക്കോട് സെൻട്രൽ മാർക്കറ്റിലെ താരമായ ഗഫൂർ സാമൂഹ്യ പ്രവർത്തകനുമാണ്.
മൂന്നു പതിറ്റാണ്ടായി മാർക്കറ്റിൽ മീൻ വെട്ടുകാരന്റെ വേഷം ചെയ്യാൻ തുടങ്ങിയിട്ട്.പുലർച്ചെ അഞ്ചിന് മാർക്കറ്റിലെത്തി ഹോട്ടലുകളിലേക്കുള്ള മത്സ്യം വെട്ടി വൃത്തിയാക്കി കൊടുത്ത് ഒൻപതിനു കൂലിയും വാങ്ങി വീട്ടിലേക്കു മടങ്ങുമ്പോഴും മനസിൽ സിനിമയാണ്.
കാമറയ്ക്കു പിന്നിൽ
ജോലി കഴിഞ്ഞാൽ പിന്നെ കാമറയ്ക്കു മുന്നിലും പിന്നിലുമായി ഗഫൂറിനെ കാണാം. കോവിഡ്- 19 വ്യാപനത്തിൽ മാർക്കറ്റ് അടച്ചെങ്കിലും ഗഫൂർ തന്റെ എഴുത്തിലും അഭിനയത്തിലുമായി കോവിഡിനെ പ്രതിരോധിച്ചു കൊണ്ടിരുന്നു.
അഭിനയം ജീവിതമാണെങ്കിലും മാർക്കറ്റിലെ മത്സ്യം വെട്ടാണ് ചോറെന്നു ചിരിച്ചുകൊണ്ട് ഗഫൂർ പറയുന്നു. ദേ കള്ളും കറിയും എന്ന തിരക്കഥയും പൂർത്തിയാക്കി. കഴിഞ്ഞ ദിവസം യൂട്യൂബിൽ റിലീസ് ചെയ്ത ഏറെ ശ്രദ്ധേയമായ കിളവൻ എന്ന ഷോർട്ട് ഫിലിമിന്റെ കഥ ഗഫൂറിന്റേതാണ്.
എ.ഡി പ്രൊഡക്ഷൻ കമ്പനി നിർമിക്കുന്ന കണ്ണീർപ്പൊതി എന്ന സാമൂഹിക പ്രതിബദ്ധതയുള്ള ഷോർട്ട് ഫിലിം സംവിധാനം ചെയ്താണ് നടൻ ഗഫൂർ സംവിധാന രംഗത്തേക്കു കടക്കുന്നത്.
കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം നടക്കുന്ന ഷോർട്ട് ഫിലിമിൽ പുതുമുഖങ്ങളോടൊപ്പം നാടക പ്രവർത്തകരും അഭിനയിക്കുന്നു.
കഥയും തിരക്കഥയും സംവിധാനവും ഗഫൂർ നിർവഹിക്കുമ്പോൾ കോഴിക്കോട് മാർക്കറ്റിൽനിന്ന് ഒരു സംവിധായകൻ ജനിക്കുകയാണ്. ഷോർട്ട് ഫിലിമിനു ശേഷം പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഗഫൂർ.