നേരത്തെ പോയവർ സുരക്ഷിതരായി എത്തിയെങ്കിൽ ഞങ്ങൾക്കും ഓസ്ട്രേലിയയിൽ പോയി രക്ഷപ്പെടാമല്ലോ… – മനുഷ്യക്കടത്ത് അന്വേഷിക്കാനെത്തിയ പോലീസിനോടുള്ള ഈ മറുപടി അംബേദ്കർ കോളനിയിലെ താമസക്കാരുടേത്.
ഓസ്ട്രേലിയ സ്വപ്നംകണ്ട് ഉള്ളതെല്ലാം വിറ്റുപെറുക്കി രേഖകളൊന്നുമില്ലാതെ കടൽമാർഗം പോകാനിറങ്ങിയവരെപ്പോലെ എങ്ങനെയും രക്ഷപ്പെടണമെന്നു കൊതിക്കുന്ന ഒരുപാട് പേർ അവിടെ ഇനിയുമുണ്ട്.
അതേസമയം, അന്വേഷണത്തിനെത്തിയ കേരള പോലീസിനു കാര്യമായ വിവരങ്ങളൊന്നും നൽകാതെ മുഖം തിരിക്കുകയായിരുന്നു അംബേദ്കർ കോളനിക്കാർ. കൂടുതലറിയില്ലെന്നു പറഞ്ഞൊഴിയാനാണു മിക്കവരും ശ്രമിച്ചത്.
ഡൽഹി പോലീസിന്റെ സഹകരണം ഉറപ്പാക്കാൻ കഴിഞ്ഞതാണ് അന്വേഷണ സംഘത്തെ കുറച്ചെങ്കിലും സഹായിച്ചത്. അംബേദ്കർ നഗർ കോളനിയുടെ വിവിധ ബ്ലോക്കുകളിൽ വടക്കേക്കര
സിഐ എം.കെ. മുരളിയുടെ നേതൃത്വത്തിൽ ദിവസങ്ങളോളം കേരള പോലീസ് സംഘം പരിശോധന നടത്തിയാണ് കേസിനു വഴിത്തിരിവുണ്ടാക്കിയത്.
മലേഷ്യയിൽ എത്തിയോ?
രാഹുൽ ആർ. നായർ ജില്ലാ പോലീസ് മേധാവിയായിരിക്കുമ്പോഴായിരുന്നു കേസിന്റെ തുടക്കം. കേസ് രജിസ്റ്റർ ചെയ്തത് വടക്കേക്കര പോലീസാണ്. ഇപ്പോൾ കേസന്വേഷണം പുരോഗമിക്കുന്നത് റൂറൽ എഎസ്പി ഇ.എൻ. സുരേഷിന്റെ നേതൃത്വത്തിലാണ്.
ദേശീയ അന്വേഷണ ഏജൻസികൾ സംസ്ഥാന പോലീസിൽനിന്നും റിപ്പോർട്ടുകൾ ശേഖരിച്ചെങ്കിലും കാര്യമായ ഇടപെടലുകൾ നടത്തിയിരുന്നില്ല.
ബോട്ടിൽ മുനമ്പം തീരം വിട്ടവർ കടലിലെ പ്രതികൂല സാഹചര്യങ്ങളെത്തുടർന്നു മലേഷ്യയിലേക്കു കടന്നതായിട്ടാണ് അന്വേഷണ സംഘത്തിന്റെ ഒടുവിലത്തെ നിഗമനം.
മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടു പ്രധാന പ്രതികളെ പലരെയും പിടികൂടാൻ കഴിഞ്ഞെങ്കിലും യാത്ര തിരിച്ച ബോട്ടും അതിലെ യാത്രക്കാരെക്കുറിച്ചും വ്യക്തമായ സൂചന ഇരുവരെ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ചുമതലയുള്ള റൂറൽ എ എസ്പി ഇ.എൻ. സുരേഷ് രാഷ്ട്രദീപികയോടു പറഞ്ഞു.
ഒരുറപ്പുമില്ലാത്ത പോക്ക്
രക്ഷപ്പെടുമോയെന്നു യാതൊരു ഉറപ്പുമില്ലാതെ സ്ത്രീകളെയും കുട്ടികളെയുമടക്കം മത്സ്യ ബന്ധന ബോട്ടിൽ കുത്തിനിറച്ചു കടലിലൂടെ പുതിയ കര തേടിയുള്ള യാത്ര സാഫല്യമായിയെന്നു കരുതാൻ യാതൊരു നിർവാഹവുമില്ല.
എന്നാൽ, തങ്ങൾക്കു വേണ്ടപ്പെട്ടവരെ ഇത്തരത്തിൽ ബോട്ടിൽ കയറ്റി അയച്ചിട്ടും യാതൊരു ആശങ്കയുമില്ലാത്തവരാണ് കടൽ കടന്നവരുടെ ബന്ധുക്കളിൽ പലരും. അവരൊക്കെ കരപറ്റിയോ ജീവനോടെയുണ്ടോ എന്നതൊന്നും ആരെയും അലട്ടുന്നതായി തോന്നുന്നില്ല.
വാദിയും പ്രതിയുമില്ലാതെ അന്താരാഷ്ട്ര ബന്ധമുള്ള സങ്കീർണമായ ഈ കേസിന്റെ ഫയലുകളും പൊടിപിടിച്ചു കെട്ടഴിക്കാതെതന്നെ കിടന്നേക്കും.
(അവസാനിച്ചു)
തയാറാക്കിയത്: റിയാസ് കുട്ടമശേരി