ആളൊഴിഞ്ഞ പറന്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുറെ ബാഗുകളും മറ്റു സാധനങ്ങളും കൂടിക്കിടക്കുന്നു എന്ന വിവരമറിഞ്ഞാണ് 2019 ജനുവരി 12ന് മുനന്പത്തുള്ളവർ ഉണരുന്നത്.
മുനന്പം മാല്യങ്കരയിലെ ഒരു ബോട്ട് ജെട്ടിക്കു സമീപമുള്ള ആളൊഴിഞ്ഞ പറന്പിലാണ് ബാഗുകളും മറ്റു സാധനങ്ങളും കൂടിക്കിടന്നത്. ഇത്രയേറെ ബാഗുകളും സാധനങ്ങളും ആരാണ് ഇവിടെ ഉപേക്ഷിച്ചു പോയത്… ഈ ബാഗുകളിൽ എന്താണ്… അങ്ങനെ നിരവധി ചോദ്യങ്ങൾ നാട്ടുകാരിൽ ഉയർന്നു.
തുറന്നപ്പോൾ
ഒടുവിൽ നാട്ടുകാരിൽ ചിലർ തന്നെ ധൈര്യപ്പെട്ടു ബാഗ് തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ വസ്ത്രങ്ങളും ദീർഘദൂര യാത്രയ്ക്ക് ഉപയോഗിക്കുന്ന മറ്റു സാധനങ്ങളുമായിരുന്നു. സംഭവത്തിൽ ദുരൂഹത തോന്നിയ നാട്ടുകാർ ഉടൻതന്നെ വടക്കേക്കര പോലീസിനെ വിവരം അറിയിച്ചു.
തുടർന്നുള്ള പോലീസിന്റെ അന്വേഷണം ചെന്നെത്തിയതു രാജ്യത്തെ ഞെട്ടിച്ച ഒരു മനുഷ്യക്കടത്തിലേക്കായിരുന്നു. ഇന്നും മറുകര കാണാത്ത ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് വരെ പുറപ്പെടുവിച്ച ആ മനുഷ്യക്കടത്തിന്റെ അന്വേഷണ വഴികളിലൂടെ…
മീൻപിടിത്ത ബോട്ടിൽ
മുനന്പം എന്നും മനുഷ്യക്കടത്തിനു പേരുകേട്ട ഇടമാണ്. ഇവിടെനിന്നു ബോട്ടുകളിൽ നിരവധി തവണ മനുഷ്യക്കടത്ത് നടന്നിട്ടുണ്ട്. ഇത്തരത്തിൽ പിടിക്കപ്പെട്ടിട്ടുള്ള സംഭവങ്ങൾ വളരെ കുറച്ചാണെന്നു മാത്രം.
മുനമ്പത്തെ ജെട്ടിയിൽനിന്നു ദയമാത എന്ന ബോട്ടിൽ ഇരുനൂറിലധികം വരുന്ന ആളുകൾ അനധികൃതമായി ഓസ്ട്രേലിയയിലേക്കു കടന്നുവെന്നതിന്റെ തെളിവായിരുന്നു ആ ബാഗുകൾ. പോലീസിന്റെ അന്വേഷണത്തിൽ പിടിയിലായവർ നൽകിയ മൊഴികൾ ഇതിനു കൂടുതൽ വ്യക്തത നൽകുന്നതായിരുന്നു.
ബോട്ടിൽ ഭാരം കൂടിയതിനാൽ ഗത്യന്തരമില്ലാതെയാണ് യാത്രികർക്ക് അവരുടെ ബാഗുകൾ ഉപേക്ഷിക്കേണ്ടി വന്നത്. ഇതാണ് മനുഷ്യക്കടത്ത് കേസിനു തുമ്പുണ്ടാക്കിയതും.
അംബേദ്കർ കോളനിയിലേക്ക്
ബാഗുകളിൽ തുടങ്ങിയ അന്വേഷണം ഒടുവിൽ ചെന്നെത്തിയതു ഡൽഹിയിലെ പ്രശസ്തമായ അംബേദ്കർ കോളനിയിലാണ്. അവിടെയെത്തിയ കേരള പോലീസിനു കാണാനും കേൾക്കാനും കഴിഞ്ഞതു മനുഷ്യക്കടത്തിന്റെ അമ്പരപ്പിക്കുന്ന കഥകളായിരുന്നു.
കോളനി നിവാസികളുടെ നിസഹകരണങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കാതെ എറണാകുളം റൂറൽ എസ്പിയുടെ പ്രത്യേക സംഘം ഡൽഹി പോലീസിന്റെ സഹായത്തോടെ അന്വേഷണം തുടരുകയായിരുന്നു.
അംബേദ്കർ കോളനിയിൽനിന്ന് ആദ്യം പിടിയിലായ പ്രഭു ദണ്ഡപാണി, രവി സനൂപ്, അനിൽകുമാർ എന്നിവരുടെ മൊഴിയിൽനിന്നു മനുഷ്യക്കടത്തിന്റെ മുഖ്യ സൂത്രധാരൻ ശെൽവനെയും സംഘത്തെയുംക്കുറിച്ചു സൂചന ലഭിക്കുകയായിരുന്നു.
പിടിയിലായത് ഏഴുപേർ
തുടർന്ന് മനുഷ്യക്കടത്തു കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ ഏഴു പേർ അറസ്റ്റിലായി. കേസിലെ മുഖ്യസൂത്രധാരൻ കോയമ്പത്തൂർ പാപ്പനാക്കിയം പാളയം കാളിയമ്മൻ സ്ട്രീറ്റിലെ ശെൽവം(49), ചെന്നൈ പോളപ്പാക്കം സഭാപതി നഗറിൽ അറുമുഖം(43), ചെന്നൈ തിരുവള്ളൂർ
വിഘ്നേശ്വര നഗറിലെ താമസക്കാരായ ഇളയരാജ(39), ഇളയരാജയുടെ ഭാര്യ രതി(34), ദീപൻ രാജ്(49), ദീപൻ രാജിന്റെ മക്കളായ അജിത്(24), വിജയ്(22) എന്നിവരാണ് അറസ്റ്റിലായത്.
രതിയെ പറവൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്യുകയും മറ്റ് ആറു പേരെ കസ്റ്റഡിയിൽ വിടുകയുമായിരുന്നു പ്രതികൾക്കെതിരേ പാസ്പോർട്ട് നിയമം, ഫോറിനേഴ്സ് നിയമം എന്നിവ കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മനുഷ്യക്കടത്ത് വകുപ്പ്കൂടി ചുമത്തി കേസ് എടുത്തു.
(തുടരും)
തയാറാക്കിയത്: റിയാസ് കുട്ടമശേരി