സാധാരണ മീൻപിടിത്ത ബോട്ടിൽ ഇരുന്നൂറോളം പേരെ സുരക്ഷിതമായി ഓസ്ട്രേലിയയിലേക്കു കടത്താൻ സാധിക്കില്ലെന്ന നാവികസേനയുടെ വാദത്തെ പോലീസ് ഗൗരവത്തോടെയാണ് കണ്ടത്.
തുടർന്നു മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് ഇവരെ കടത്താനുള്ള സാധ്യത പോലീസ് പരിശോധിച്ചു. എന്നാൽ, ഇവിടങ്ങളിലൊന്നും ഇവരെ കണ്ടെത്താൻ കഴിയാതായതോടെ അന്വേഷണം പ്രതിസന്ധിയിലായി.
അൾജീരിയയിലോ, ക്രിസ്മസ് ദ്വീപിലോ
ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ ഇവർ എത്തിയിട്ടുണ്ടെന്ന വിവരമാണ് ഏറ്റവുമൊടുവിൽ ലഭിച്ചത്. അൾജീരിയയിൽനിന്നുവന്ന ചില ഫോൺ കോളുകൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തി.
വിദേശകാര്യ മന്ത്രാലയം വഴി ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചെങ്കിലും വിവരം സ്ഥിരീകരിക്കാനായില്ല. അതോടെ ആ വഴിക്കുള്ള അന്വേഷണവും നിലച്ചു.
ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് ഇവരെ കടത്താനുള്ള സാധ്യതകളെക്കുറിച്ചുള്ള അന്വേഷണവും ഏതാണ്ട് അവസാനിച്ച മട്ടായി. ക്രിസ്മസ് ദ്വീപിലേക്കു കടക്കുന്നവർ അവിടെ ഓസ്ട്രേലിയൻ പോലീസിനു മുന്നിൽ കീഴടങ്ങും.
മറ്റു കുറ്റങ്ങളൊന്നും തെളിയിക്കാനായില്ലെങ്കിൽ ഇവരെ മൂന്നുമാസം ജയിലിലടച്ച ശേഷം പുറത്തുവിടും. തുടർന്ന് ഇവർ ഓസ്ട്രേലിയയിൽ കഴിയുന്നതിന് അനുമതി തേടുകയാണ് പതിവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, ഓസ്ട്രേലിയയിൽ കുടിയേറ്റ നിയമം കർശനമാക്കിയതോടെ മനുഷ്യക്കടത്ത് അത്ര എളുപ്പമാവില്ലായെന്ന വിലയിരുത്തലുമുണ്ട്.
അംബേദ്കർ കോളനിയിൽ കണ്ടത്..!
ഡൽഹി അംബേദ്കർ കോളനിക്ക് അകത്തൊരു കോളനിയുണ്ട്. ദക്ഷിണേന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ‘മദ്രാസി കോളനി’. മൂന്നു വ്യത്യസ്ത ബ്ലോക്കുകളിലായിട്ടാണ് കോളനിയുളളത്.
തുച്ഛമായ ശമ്പളംകൊണ്ട് മാത്രമാണ് ഇവിടത്തുകാരുടെ ജീവിതം. സംഘർഷഭരിതമാണ് ഇവിടുത്തെ അന്തരീക്ഷം. പോലീസുകാർ വരെ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്.
മനുഷ്യക്കടത്തിന്റെ അന്വേഷണവുമായി റൂറൽ പോലീസ് എത്തുന്നതിനു കുറച്ചു നാൾ മുമ്പാണ് ഇവിടെ രണ്ടു പേർ കൊല്ലപ്പെട്ടത്. പെൺകുട്ടികൾക്കെതിരേയുളള അതിക്രമം പട്ടാപ്പകലും ഇവിടെ പതിവാണ്. തദ്ദേശീയരിൽനിന്നുള്ള ഭീഷണികൾ വേറെയും.
ഈ ആശങ്കൾക്കു നടുവിലേക്കാണ് ഓസ്ട്രേലിയയിലേക്കടക്കം നാടുവിടാൻ എളുപ്പവഴിയുമായി ഏജന്റുമാരെത്തുന്നതെന്നു കോളനിക്കാർ തന്നെ സമ്മതിക്കുന്നു.
ഞെട്ടിച്ച മറുപടി
മനുഷ്യക്കടത്തിന്റെ അന്വേഷത്തിനായി ഡൽഹി അംബേദ്കർ കോളനിയിലെത്തിയ പോലീസ് കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കുകയും സുരക്ഷിതമായി അവരെത്തിയോയെന്നും ചോദിച്ചറിഞ്ഞു. ആശങ്കാകുലരാകുമെന്നു കരുതിയ കോളനിക്കാരുടെ മറുപടി പക്ഷേ, പോലീസിനെ ഞെട്ടിച്ചു.
(തുടരും)
തയാറാക്കിയത്: റിയാസ് കുട്ടമശേരി