ശ്രീലങ്കൻ അഭയാർഥികളെ മുനന്പം തുറമുഖം വഴി കടൽമാർഗം ഓസ്ട്രേലിയയിലേക്കു കടത്താനുള്ള മനുഷ്യക്കടത്ത് റാക്കറ്റിന്റെ ആദ്യ ദൗത്യം പരാജയപ്പെടുന്നത് 2011 ജൂണ് ഏഴിനായിരുന്നു.
ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയയ്ക്കു കടക്കാൻ റാക്കറ്റിലെ കണ്ണികൾ വിലപറഞ്ഞുറപ്പിച്ച സീ ക്വീൻ എന്ന ഫിഷിംഗ് ബോട്ട് വൈപ്പിൻ അഴീക്കലിൽനിന്നു പോലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് ദൗത്യം പരാജയപ്പെട്ടത്.
ശ്രീലങ്കക്കാരൻ
മറ്റൊരു സംഭവം ആ വർഷംതന്നെ സെപ്റ്റംബർ 26ന് ആയിരുന്നു. കോതമംഗലത്തുനിന്നു സെൽവൻ എന്ന ഒരു ശ്രീലങ്കക്കാരൻ അറസ്റ്റിലാവുകയും തുടർന്നു ഇയാളോടൊപ്പം ഓസ്ട്രേലിയയിലേക്കു കടക്കാൻ എത്തിയ മറ്റൊരാളെയുംകൂടി
ഐബി ഉദ്യോഗസ്ഥൻമാർ മുനന്പം പോലീസുമായി ചേർന്നു പിടികൂടുകയായിരുന്നു. മുനന്പത്തുനിന്നു ബോട്ട് വാങ്ങി മറ്റു ചിലരെയുംകൂട്ടി നാടുവിടാനായിരുന്നു പ്ലാൻ. ഇതിനായി മുനന്പം സ്വദേശിയുടെ ഹരണിമോൾ എന്ന ബോട്ടാണ് വാങ്ങാൻ ശ്രമിച്ചത്.
ഇടയ്ക്കു രക്ഷപ്പെടൽ
2012 ഓഗസ്റ്റ് 30നു മംഗലാപുരം ഉള്ളാൽകോടിൽനിന്നു 47 ശ്രീലങ്കൻ തമിഴ് അഭയാർഥികളുമായി കൊച്ചി വഴി കടന്നു പോകവേ ഗിയറിനു തകരാറുപറ്റിയ ഓഷ്യൻ പ്രിൻസസ് എന്ന മനുഷ്യക്കടത്ത് ബോട്ട് ഉദ്യോഗസ്ഥർ പിടികൂടിയതാണ് മറ്റൊരു സംഭവം.
ഓസ്ട്രേലിയയ്ക്കെന്ന് പറഞ്ഞാണ് അഭയാർഥികളുമായി ബോട്ട് മംഗലാപുരത്തുനിന്നു പുറപ്പെട്ടത്. ബോട്ട് കൊച്ചിഭാഗത്തെത്തിയപ്പോൾ ഗിയറിനു തകരാറു സംഭവിച്ചു.
തുടർന്നു സംഘത്തിലെ രണ്ട് പേരൊഴിച്ചു ബാക്കിയുള്ളവർ ഓച്ചന്തുരുത്ത് ഭാഗത്തു കായൽക്കരയിൽ ഇറങ്ങി രക്ഷപ്പെട്ടു. വിവരമറിഞ്ഞു പോലീസ് എത്തിയെങ്കിലും ബോട്ടിലുണ്ടായിരുന്ന ചെന്നൈ രാമനാഥപുരം സ്വദേശി നാഗൂർ കനിയെ മാത്രമേ പിടികൂടാൻ കഴിഞ്ഞുള്ളൂ. പിന്നീട് കേസിൽ ആറുപേരെക്കൂടി അറസ്റ്റ് ചെയ്തു.
2015ലും ഓസ്ട്രേലിയയിലേക്കു പോകാന് മനുഷ്യക്കടത്ത് സംഘം ചെറായില് താമസിപ്പിച്ചിരുന്ന ആളുകളെ അറസ്റ്റ് ചെയ്യുകയുണ്ടായി. ചെറായി കുബേര ഹോം സ്റ്റേയില് താമസിപ്പിച്ചിരുന്ന ശ്രീലങ്കന് അഭയാര്ഥികളെയാണ് അന്നു പോലീസ് അറസ്റ്റ് ചെയ്തത്.
ആ ബോട്ടും യാത്രക്കാരും
കേരള പോലീസിലെ സ്പെഷൽ ബ്രാഞ്ച് സംഘത്തിനുപുറമേ തമിഴ്നാട് ക്യൂ ബ്രാഞ്ച്, ഐബി, മിലിട്ടറി ഇന്റലിജൻസ് തുടങ്ങിയവരൊക്കെ അന്വേഷിച്ചിട്ടും മുനമ്പത്തുനിന്നു യാത്ര പുറപ്പെട്ട ദയമാതയെന്ന ബോട്ടും അതിലെ യാത്രക്കാരുമെവിടെയെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല.
വിശദമായ അന്വേഷണത്തിനുതന്നെയാണ് കേരള പോലീസ് ശ്രമിച്ചത്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇന്തോനേഷ്യ, മലേഷ്യ, അൾജീരിയ തുടങ്ങി പലരാജ്യങ്ങളിലും ഇവർ എത്തിയതായി സംശയങ്ങളുയർന്നിരുന്നു.
(തുടരും)
തയാറാക്കിയത്: റിയാസ് കുട്ടമശേരി