മുനന്പം മനുഷ്യക്കടത്ത് പിടിച്ചു രണ്ടര മാസത്തിനു ശേഷമാണ് മുഖ്യ സൂത്രധാരൻ ഉൾപ്പെടെയുള്ള പ്രതികളെ പിടിക്കാനായത്. കേസിലെ ഒന്നാം പ്രതി തമിഴ്നാട് സ്വദേശി ശ്രീകാന്തൻ, രവീന്ദർ, മണിവണ്ണൻ, ശ്രീലങ്കൻ സ്വദേശികളായ അരുൺ പാണ്ഡ്യൻ, പാണ്ഡ്യരാജ് എന്നിവർ ഒളിവിൽ പോയി. കേസിൽ 15 പേരാണ് പ്രതികൾ.
മനുഷ്യക്കടത്ത് തടയൽ നിയമപ്രകാരമുള്ള കുറ്റവും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്.
മോഹന വാഗ്ദാനം
രഹസ്യവിവരത്തെത്തുടർന്ന് തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള ഒളിത്താവളത്തിൽനിന്നാണ് ശെൽവത്തിനെയും കൂട്ടരെയും പോലീസ് പിടികൂടിയത്.
മുനമ്പം മനുഷ്യക്കടത്തിൽ ഇവർ ഗൂഢാലോചന നടത്തിയതായും ലാഭവിഹിതം കൈപ്പറ്റിയതായും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കി. ഗൂഢാലോചനയുടെ ഭാഗമായി ഇവർ പലതവണ ഫോണിൽ ബന്ധപ്പെടുകയും നേരിൽ കാണുകയും ചെയ്തിരുന്നു.
അംഗീകൃത നിരക്കിനേക്കാൾ കുറഞ്ഞ ചെലവിൽ ബോട്ട്മാർഗം ന്യൂസിലൻഡിൽ എത്തിക്കാമെന്നു പറഞ്ഞു ഡൽഹി മദൻഗിർ അംബേദ്കർ കോളനി നിവാസികൾ, തമിഴ് വംശജർ, ശ്രീലങ്കൻ പൗരന്മാർ, മറ്റ് ഇതര സംസ്ഥാനക്കാർ അടക്കം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എഴുപതിലേറെപ്പേരെ രാജ്യത്തുനിന്നു കടത്തിയതായും പിടിയിലായവർ സമ്മതിച്ചു.
മൂന്നു ലക്ഷം വീതം
ഓരോരുത്തരിൽനിന്നും മൂന്നു ലക്ഷം രൂപ ഈടാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. മനുഷ്യക്കടത്തിൽ പ്രധാന ഇടനിലക്കാരനായ തിരുവനന്തപുരം സ്വദേശി ശ്രീകാന്തന്റെ ബന്ധുവാണ് ശെൽവം. ഇവരെ ചെന്നൈയിൽനിന്ന് തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
കൂടെ പിടിയിലായവർ തമിഴ്, ശ്രീലങ്കൻ വംശജരാണ്. തന്റെ മൂന്നു മക്കളും ഓസ്ട്രേലിയയിലേക്കു ബോട്ടിൽ പുറപ്പെട്ടുവെന്നാണ് ശെൽവന്റെ മൊഴി. പിടിയിലായവരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യംചെയ്തിരുന്നു.
ആർക്കും വേണ്ടാത്ത ബോട്ട്!
മുനന്പം ഇന്റലിജൻസിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത് 2008ലാണ്. മുനന്പത്തെ ഒരു സ്വകാര്യ ബോട്ട് യാർഡിൽ തമിഴ്പുലികൾക്കായി ബോട്ട് നിർമിക്കുന്നുവെന്ന രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബെന്നി എന്ന മേസ്തിരിയെ തേടി തമിഴ്നാട് ക്യൂ ബ്രാഞ്ച് എത്തിയതോടെയാണ് മുനന്പം ശ്രദ്ധാകേന്ദ്രമാകുന്നത്.
ഇയാളെ അന്ന് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും ബോട്ട് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തമിഴ്പുലികൾക്കു വേണ്ടി ബേപ്പൂർ സ്വദേശിയാണ് ബോട്ട് നിർമിക്കാൻ ഏൽപ്പിച്ചിരുന്നത്.
യാർഡിന്റെ ഉടമയ്ക്കും മേസ്തിരിക്കും പുലികളുമായി നേരിട്ടു ബന്ധമില്ലെന്നു തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ബോട്ട് അന്നത്തെ ഫിഷറീസ് ജോയിന്റ് ഡയറക്ടറായിരുന്ന സൈറഭാനുവിനെ ഏല്പിച്ചു ക്യൂ ബ്രാഞ്ച് മടങ്ങി. പിന്നീട് ഈ ബോട്ട് അന്വേഷിച്ച് നിർമിക്കാൻ കരാർ തന്നവരോ ക്യൂ ബ്രാഞ്ചോ ലോക്കൽ പോലീസോ ഫിഷറീസ് വകുപ്പോ ആരുംതന്നെ ഏത്തിയിട്ടില്ല.
പാതിനിർമാണത്തിലുള്ള ഇരുന്പ് നിർമിത മത്സ്യബന്ധന ബോട്ട് ഇന്നും മുനന്പത്തെ സ്വകാര്യ ബോട്ട് യാർഡിൽ ആർക്കും വേണ്ടാതെ കിടപ്പുണ്ട്.
(തുടരും)
തയാറാക്കിയത്: റിയാസ് കുട്ടമശേരി