ബിജു ഇത്തിത്തറ
കടുത്തുരുത്തി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ-2021 ദൗത്യത്തിന് കോതനല്ലൂർ സ്വദേശിയായ മലയാളി ചുക്കാൻ പിടിക്കും. കോതനല്ലൂർ ശ്രീനിലയത്തിൽ(ആലഞ്ചേരിൽ) ശ്രീധരൻ നായരുടെയും രാജമ്മയുടെയും മകൻ ഡോ. എസ്.ഉണ്ണികൃഷ്ണൻ നായർ ആണ് ഗഗൻയാൻ പദ്ധതിയുടെ ഡയറക്ടറായി നിയമിതനായത്.
തിരുവനന്തപുരം വിഎസ്എസ്സിയിലെ മിഷൻ ഡയറക്ടറാണ് ഡോ ഉണ്ണികൃഷ്ണൻ. ഗഗൻയാൻ ദൗത്യത്തിനായി ബംഗ്ളൂരു ആസ്ഥാനമായി നിയമിച്ച ഇരുപതംഗ സംഘത്തിന്റെ (ഹ്യൂമണ് സ്പേസ് ഫ്ളൈറ്റ് സെന്റർ) ഡയറക്ടറായാണ് ഇദേഹം നിയമിക്കപ്പെട്ടത്. ഇന്നലെ ബംഗളൂരുവിൽ ഐഎസ്ആർഒ ചെയർമാൻ കെ.ശിവനാണ് പ്രഖ്യാപനം നടത്തിയത്. 2021 ഡിസംബറിൽ ഗഗൻയാൻ ദൗത്യം നടപ്പാക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.
മൂന്ന് പേരടങ്ങുന്ന സംഘത്തെ 400 കിലോമീറ്റർ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കാൻ ഏഴ് ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയയ്ക്കുന്നതാണ് ഗഗൻയാൻ പദ്ധതി. 10,000 കോടി രൂപ ദൗത്യത്തിനായി കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുണ്ട്. 2014 ഡിസംബറിൽ വികസിപ്പിച്ച കെയർ പ്രൊജക്ടും 2018 ഡിസംബർ അഞ്ചിന് പരീക്ഷിച്ച പാരാബോട്ട് ടെസ്റ്റിംഗും ഡോ ഉണ്ണികൃഷ്ണന്റെ മേൽനോട്ടത്തിലാണ് നടന്നത്.
ഇരുപദ്ധതികളും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ളതായിരുന്നു. ഈ മിഷനുകളിൽ കൈവരിച്ച മികച്ച നേട്ടമാണ് പുതിയ സ്ഥാനലബ്ധിയെന്ന് ഉണ്ണികൃഷ്ണൻ രാഷ്്ട്രദീപികയോട് പറഞ്ഞു. കോതനല്ലൂർ ഇമ്മാനുവൽസ് സ്കൂൾ, മാഞ്ഞൂർ എൻഎസ്എസ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം.
കുറവിലങ്ങാട് ദേവമാതാ കോളജിൽനിന്നും പ്രീഡിഗ്രിയും കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽനിന്നും എൻജിനിയറിംഗ് ബിരുദവും നേടി. തിരുവനന്തപുരം വിഎസ്എസ്് സിയിലെ മുൻ ജീവനക്കാരി ജയാ ജി.നായരാണ് ഭാര്യ. വിദ്യാർഥികളായ ഐശ്വര്യയും ചൈതന്യയുമാണ് മക്കൾ.