സി.കെ. പോൾ
ചാലക്കുടി: സ്വാതന്ത്ര്യ സമരത്തിന് ആവേശം പകരാൻ ചാലക്കുടിയിലെത്തിയ മഹാത്മാഗാന്ധിയുടെയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിന്റെയും സ്മരണയിൽ ഒരു കുടുംബം.
ഗാന്ധിജി ചാലക്കുടിയിലെ പൊതുയോഗത്തിൽ ഇരുന്ന് പ്രസംഗിച്ച മേശയും ജവഹർലാൽ നെഹുറു ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ഫോട്ടോയും ഈ കുടുംബാംഗങ്ങൾ ചരിത്രസ്മരണകളുമായി വീടുകളിൽ ഒരു നിധിപോലെ സൂക്ഷിക്കുന്നു.
ചെതലൻ കുടുംബമാണ് ഈ ചരിത്രസ്മരണകൾ ഇന്നും സൂക്ഷിക്കുന്നത്. ഇന്നു നഗരസഭ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു പൊതുയോഗം സംഘടിപ്പിച്ചിരുന്നത്.
ചെതലൻ കുടുംബത്തിന്റെ അന്നത്തെ കാരണവരായിരുന്ന ഡോ. തോമസ് ചെതലൻ വേദിയിലേയ്ക്കു മേശയും കസേരകളും എത്തിച്ചിരുന്നു.
വേദിയിലെത്തിയ ഗാന്ധിജി കസേരയിൽ ഇരിക്കാതെ മേശയിൽ ചമ്രം പടിഞ്ഞിരുന്നാണ് പ്രസംഗിച്ചത്. അരമണിക്കൂർ നീണ്ട പ്രസംഗം സി.എസ്. പണിക്കരായിരുന്നു മലയാളത്തിൽ പരിഭാഷപ്പെടുത്തിയത്.
ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങിയ ഗാന്ധിജി യോഗസ്ഥലത്തേയ്ക്കു കാൽനടയായിട്ടാണ് എത്തിയത്.
ഡോ. തോമസ് ചെതലൻ ഈ മേശ ഒരു ചരിത്രസ്മാരകമായി വീട്ടിൽ സൂക്ഷിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം മകൻ ഇട്ടൂപ്പും തുടർന്നുള്ള തലമുറയും ഇപ്പോഴും സൂക്ഷിച്ചുവരികയാണ്.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചാലക്കുടിയിൽ എത്തിയത് 1951ലാണ്. പുത്തൂപ്പറന്പിൽ ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലാണു നെഹ്റു എത്തിയത്.
ഇവിടെ തടിച്ചുകൂടിയ ജനങ്ങളെ തുറന്ന വാഹനത്തിൽ നിന്നുകൊണ്ടാണ് അഭിസംബോധന ചെയ്തത്.
ഈ ചിത്രം അന്തരിച്ച റിട്ട. നാട്ടിക എസ്എൻ കോളജ് പ്രഫസർ തോമസ് ചെതലന്റെ വീട്ടിൽ ഇപ്പോഴും കേടുകൂടാതെ സൂക്ഷിച്ചുവരുന്നു. തോമസ് ചെതലന്റെ തറവാടിന്റെ മുൻ വശത്തായിരുന്നു നെഹറു പ്രസംഗിച്ച ഹൈസ്കൂൾ ഗ്രൗണ്ട്.
നെഹറുവിന്റെ പ്രസംഗം കേട്ടുനില്ക്കുന്ന മകൾ യുവതിയായ ഇന്ദിരാഗാന്ധിയേയും ചിത്രത്തിൽ കാണാം.
ഫോട്ടോഗ്രഫി അപൂർവമായ അക്കാലത്ത് തോമസിന്റെ പിതാവ് റിട്ട. അധ്യാപകൻ ഫ്രാൻസിസ് ചെതലനാണു ചരിത്രത്തെ ഓർമിക്കുന്ന ചിത്രം കാമറയിൽ പകർത്തിയത്.
പതിറ്റാണ്ടുകൾ പിന്നിട്ട ഈ ചിത്രം ഇന്നും കേടുകൂടാതെ തോമസ് ചെതലന്റെ പുത്തൂപറന്പിലുള്ള വീട്ടിലെ ചുമരിലുണ്ട്.
ചരിത്രം ഉറങ്ങുന്ന ഹൈസ്കൂൾ ഗ്രൗണ്ട് ദേശിയപാതയ്ക്കുവേണ്ടി ഏറ്റെടുക്കുകയായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ വേദിയായിരുന്ന പഴയ മൈതാനം ദേശീയപാതയ്ക്കു വഴിമാറിയതോടെ ചരിത്രം സ്മരണയില്ലാതായി.