ലീഡ്സ്: ഏകദിന ലോകകപ്പ് ലീഗ് റൗണ്ട് പോരാട്ടത്തിൽ തങ്ങളുടെ അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനു ജയം. അഫ്ഗാനിസ്ഥാനെ 23 റണ്‍സിനാണ് വിൻഡീസ് കീഴടക്കിയത്. വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ലിന്റെ അവസാന ലോകകപ്പ് മത്സരമായിരുന്നു. ഈ ലോകകപ്പിലെ മികച്ച ക്യാച്ചായി വിലയിരുത്താവുന്ന ഉജ്വല ക്യാച്ചിലൂടെ ഫാബിയൻ അലൻ സയീദ് ഷിർസാദിനെ മടക്കിയതോടെയാണ് മത്സരം അവസാനിച്ചത്. ലോകകപ്പിൽ ഒരു ജയം നേടാതെ അഫ്ഗാൻ മടങ്ങി.
ഗെയ്ലിനു റിക്കാർഡ് നഷ്ടം
അഫ്ഗാനെതിരായ മത്സരത്തിനിറങ്ങുന്പോൾ 17 റണ്‍സ് കൂടി നേടിയാൽ ക്രിസ് ഗെയ്ലിന് ഏകദിനത്തിൽ ഏറ്റവും അധികം റണ്‍സ് നേടുന്ന വെസ്റ്റ് ഇൻഡീസ് താരം എന്ന റിക്കാർഡ് സ്വന്തമാക്കാമായിരുന്നു. എന്നാൽ, ഏഴ് റണ്‍സ് മാത്രമാണ് ഗെയ്ലിന് സ്വന്തമാക്കാൻ സാധിച്ചത്. ബ്രയാൻ ലാറയുടെ (10,348) പേരിലാണ് റിക്കാർഡ്. ഗെയ്ൽ പരാജയപ്പെട്ടെങ്കിലും ഷായ് ഹോപ്പ് (77 റണ്‍സ്), നിക്കോളാസ് പുരാൻ (58 റണ്‍സ്), എവിൻ ലെവിസ് (58 റണ്‍സ്), ജെസണ്‍ ഹോൾഡർ (45 റണ്‍സ്) എന്നിവരിലൂടെ വിൻഡീസ് 311 റണ്‍സ് എടുത്തു.
ഇക്രം അലി മൂന്നാമൻ
ഏകദിന ലോകകപ്പിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡിൽ മൂന്നാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്റെ ഇക്രം അലി ഖിൽ. 18 വയസും 278 ദിവസവുമാണ് ഇക്രത്തിന്റെ പ്രായം. ബംഗ്ലാദേശിന്റെ തമിം ഇക്ബാലിന്റെ പേരിലാണ് (2007) റിക്കാർഡ്. രണ്ടാം വിക്കറ്റിൽ ഇക്രവും (86) റഹ്മത്ത് ഷായും (62 റണ്‍സ്) 133 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
വെസ്റ്റ് ഇൻഡീസ്: 311/6 (50)
ഷായ് ഹോപ്പ്: 77 (92)
നിക്കോളാസ് പുരാൻ: 58 (43)
എവിൻ ലെവിസ്: 58 (78)
ഡൗലത് സഡ്രൻ: 2/73 (9)
റഷീദ് ഖാൻ: 1/52 (10)
സയീദ് ഷിർസാദ്: 1/56 (8)
അഫ്ഗാനിസ്ഥാൻ: 288 (50)
ഇക്രം അലി ഖിൽ: 86 (93)
റഹ്മത്ത് ഷാ: 62 (78)
അസ്ഗർ അഫ്ഗാൻ: 40 (32)
ബ്രാത് വൈറ്റ്: 4/63 (9)
കെമർ റോച്ച്: 3/37 (10)
ക്രിസ് ഗെയ്ൽ: 1/28 (6)