മുക്കം: “എന്തിനാ സാറേ ഞങ്ങൾ നട്ട നെൽകൃഷി ഇങ്ങിനെ നശിപ്പിക്കുന്നത്? അൽപ്പ ദിവസം കൂടെ കാത്തിരുന്നാൽ പോരേ? ആ കുഞ്ഞുമനസുകൾ വേദനിച്ചു. കഴിഞ്ഞ സെപ്റ്റംബർ അവസാനമാസത്തിലാണ് കാരശേരി എച്ച്എൻസികെഎംഎ യുപി സ്കൂളിലെ വിദ്യാർഥികൾ ആദ്യമായി കാരശേരി വടക്കോംപാടം സന്ദർശിക്കാൻ വരുന്നത്. ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുന്നത് കാണാൻ. തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികൾ തികഞ്ഞ ആവേശത്തിലായിരുന്നു.
ഞാറ് വളർന്നപ്പോഴും ഞാറ് പറിച്ചപ്പോഴും എല്ലാം അവർ ഇവിടെ സന്ദർശിച്ചു കൊണ്ടിരുന്നു. ജനപ്രതിനിധികൾക്കും കൃഷി വകുപ്പ് അധികൃതർക്കും നാട്ടുകാർക്കുമൊപ്പം അവരും ചെളിയിലിറങ്ങി. ഞാറ് നടീൽ ഉത്സവമാക്കി മാറ്റി. സ്വന്തം വീട്ടിലെ കുഞ്ഞനിയന്റെ വളർച്ച നിരീക്ഷിക്കുന്നത് പോലെ നെൽക്കതിർ വരുന്നതും നോക്കി അവർ ഇരുന്നു. കൊയ്ത്തുത്സവം നടത്താൻ ….
ഇന്നലത്തെ കാഴ്ച അവരെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. ഗെയ്ൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി അവരുടെ സ്വപ്നങ്ങൾ മണ്ണുമാന്തിയന്ത്രം ചവിട്ടിയരച്ചു. ഇവരുടെ ദയനീയചോദ്യത്തിന് മുന്പിൽ അധ്യാപകർക്കും അവിടെ കൂടിയവർക്കും മറുപടിയില്ലായിരുന്നു.