മുക്കം: ഗെയില്‍ സമരം ഏറ്റെടുക്കുന്നതു സംബന്ധിച്ച് യുഡിഎഫില്‍ ആശയക്കുഴപ്പം. സമരം ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് ചെന്നിത്തല വ്യക്തമാക്കിയപ്പോള്‍ സമരത്തോടും സമരക്കാരോടുമൊപ്പം എപ്പോഴും യുഡിഎഫ് ഉണ്ടാവുമെന്ന് മാത്രമാണ് മുസ്ലിം ലീഗും കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരനും വ്യക്തമാക്കിയത്. ഗെയില്‍വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് യുഡിഎഫ് നേതാക്കള്‍ ഗെയിലിന്റെ പൈപ്പ് ഇടല് ജോലി പുരോഗമിക്കുന്ന മുക്കം എരഞ്ഞിമാവിലെത്തിയത്.
എംപി മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവന്, എം.ഐ. ഷാനവാസ്, കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന് എന്നിവര്‍ സ്ഥലം പരിശോധിക്കുകയും പരാതിക്കാരായ സ്ഥലമുടമകളെ കാണുകയും ചെയ്തു. തുടര്‍ന്ന് ഇക്കാര്യത്തിലുള്ള യുഡിഎഫിന്റെ നയം സമരപന്തലിലെത്തിയ നേതാക്കള്‍ വ്യക്താക്കി. വികസനം ജാനാധിപത്യ രീതിയിലാകണമെന്നും ന്യായമായി സമരം നടത്തുന്നവരെ പോലീസിനെ ഉപയോഗിച്ച അടിച്ചമര്‍ത്താനുള്ള നീക്കം വിജയിക്കില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏകാധിപതിയെ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് പെരുമാറുന്നതെന്നും സമരക്കാരെ ഒന്നടങ്കം തീവ്രവാദികളായി ചിത്രീകരിച്ചത് നല്ല പ്രവണതയല്ലെന്നും പറഞ്ഞ വി.എം. സുധീരന് എന്നാല്‍ സമരം യുഡിഎഫ് ഏറ്റെടുക്കുമോ എന്ന ചോദ്യത്തോട് യുഡിഎഫ് എന്നും സമരക്കാർക്കൊപ്പമാണന്നാണ് പ്രതികരിച്ചത്. ന്യായമായ ആവശ്യമുന്നയിച്ച് സമധാനപരമായി ഇതുവരെ നടത്തിയ സമരം കൈവിട്ട് അക്രമത്തിന്റെ പാത സ്വീകരിച്ചതിനോട് യുഡിഎഫില്‍ തന്നെ ഭിന്നത് ഉടലെടുത്തിട്ടുണ്ട്.
പോപ്പുലര്‍ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും സാന്നിധ്യമാണ് മുസ്ലിം ലീഗിനെ അങ്കലാപ്പിലാക്കുന്നത്. അതുകൊണ്ടു തന്നെ സമരം ഏറ്റെടുത്താല്‍ അത് പിന്നീട് പേരുദോഷം കൊണ്ടുവരുമെന്നാണ് മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ കരുതുന്നത്. ഈ നിലപാട് കോണ്‍ഗ്രസിനുള്ളിലും ഉരുത്തിരുഞ്ഞു എന്നുവേണം സുധീരന്റെ വാക്കിലൂടെ പ്രകടമാകുന്നത്. ഇത് സമരമുന്നണിക്കുള്ളില് ചേരിതിരിവ് ഉണ്ടാക്കിയേക്കും.