പോർട്ട് ഓഫ് സ്പെയിൻ: റിക്കാർഡുകളുടെ കളിത്തോഴനായ ക്രിസ് ഗെയ്ലിന് ഏകദിനത്തിൽ മറ്റൊരു പൊൻതൂവൽ കൂടി. ഏകദിന ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റിക്കാർഡാണ് ഗെയ്ൽ സ്വന്തമാക്കിയത്. ഇതിഹാസ താരം സാക്ഷാൽ ബ്രിയാൻ ലാറയുടെ റിക്കാർഡ് ഗെയ്ൽ പഴങ്കഥയാക്കി.
ഇന്ത്യക്കെതിരായി മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഗെയ്ൽ നേട്ടം സ്വന്തമാക്കിയത്. ബ്രിയാൻ ലാറ കുറിച്ച 10,405 റൺസിന്റെ റിക്കാർഡ് മറികടക്കാൻ ഗെയ്ലിന് ഒമ്പത് റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ഖലീൽ അഹമ്മദിന്റെ പന്ത് ബൗണ്ടറി കടത്തി ഗെയ്ൽ റിക്കാർഡ് സ്വന്തം പേരിലാക്കി. എന്നാൽ മത്സരത്തിൽ ഗെയ്ലിനു (11) തിളങ്ങാൻ കഴിഞ്ഞില്ല. റിക്കാർഡ് നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ ഭുവനേശ്വർ കുമാറിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി ഗെയ്ൽ പുറത്തായി.
ഗെയ്ലിന്റെ 300 ാം ഏകദിന മത്സരം കൂടിയായിരുന്നു ഇത്. ലാറയുടെ മറ്റൊരു റിക്കാർഡും ഇതോടെ ചരിത്രമായി. വെസ്റ്റ് ഇൻഡീസിനായി ഏറ്റവും കൂടുതൽ ഏകദിനം കളിച്ച താരമെന്ന റിക്കാർഡാണ് ഗെയ്ൽ മറികടന്നത്. ലാറ 299 മത്സരങ്ങളിലാണ് വിൻഡീസിനായി പാഡണിഞ്ഞത്.