മുക്കം: കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈനിനെതിരെ നടന്നു വരുന്ന സമരത്തിന്റെ ഭാഗമായി എരഞ്ഞിമാവ് സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഇന്ന് രാവിലെ 10.30 ഓടെ പദ്ധതി പ്രദേശമായ നെല്ലിക്കാപറമ്പിലേക്കാണ് മാര്‍ച്ച് നടന്നത്. മാര്‍ച്ചില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതിനായി ഇന്നലെ മുക്കം, നെല്ലിക്കാപറമ്പ് ,എരഞ്ഞിമാവ് എന്നിവിടങ്ങളില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തിയിരുന്നു.
എന്നിട്ടും നൂറുകണക്കിനാളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. രാവിലെ മുതല്‍ തന്നെ പ്രധാന റോഡുകളില്‍ ബാരിക്കേഡ് തീര്‍ത്ത് പോലീസ് തടസ്സം സൃഷ്ടിച്ചിരുന്നു. വാഹനങ്ങള്‍ തടഞ്ഞത് പരീക്ഷയെഴുതാൻ പോകുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചു. നെല്ലിക്കാപറമ്പ് അങ്ങാടിക്കുസമീപം മാര്‍ച്ച് പോലീസ് തടഞ്ഞു. പോലീസ് വലയം ഭേദിച്ച തള്ളിക്കയറാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായി. മാര്‍ച്ച് എം.ഐ.ഷാനവാസ് എംപി ഉദ്ഘാടനം ചെയ്തു.
സമരക്കാരെ വിലക്കെടുക്കാന്‍ ഗെയിൽ അധികൃതര്‍ പണ ചാക്കുമായി ഇറങ്ങിയിരിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതില്‍ ഒരാളെ പോലും വിലക്കെടുക്കാനാവില്ലനും ഷാനവാസ് പറഞ്ഞു. കെ.എം.ഷാജി എംഎല്‍എ, ടി.സിദ്ധീഖ്, പി.കെ.ഫിറോസ്, സി.പി.ചെറിയമുഹമ്മദ്, ഗഫൂര്‍ കുറുമാടന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
എന്റെ ഭൂമിയിൽ ഗെയിൽ ജെസിബി വേണ്ട; വ്യത്യസ്ത സമരവുമായി കർഷകൻ പ്രഭാകരനും
മുക്കം: ഗെയിൽ വാതക പൈപ്പ് ലൈൻ പ്രദേശത്ത് ഗെയിലിനെതിരെ വേറിട്ട സമരവുമായി മുക്കത്തെ കർഷകൻ. പദ്ധതി കടന്നുപോകുന്ന ഭൂമിയിൽ വ്യാപകമായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഫലവൃക്ഷങ്ങളടക്കം പിഴുതുമാറ്റി തുടങ്ങിയതോടെയാണ് സ്വന്തം ചിലവിൽ ജെസിബി വിളിച്ച് ഫലവൃക്ഷങ്ങൾ പിഴുതുമാറ്റി കുഴിച്ചിട്ടത്.
മുക്കംമാമ്പറ്റ സ്വദേശിയും കർഷകനുമായ വളപ്പിൽ പ്രഭാകരനാണ് സ്വന്തം ചെലവിൽ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് വൃക്ഷങ്ങൾ വേരോടെ പിഴുത് മാറ്റിക്കുഴിച്ചിട്ടത്. ഗെയിൽ ജെസിബി തന്റെ ഭൂമിയിൽ വേണ്ട എന്ന് പറഞ്ഞാണ് ഈ കർഷകന്റെ പ്രതിഷേധം.
ഏഴു വർഷങ്ങൾക്ക് മുമ്പ് വീടിനു സമീപത്ത് കുഴിച്ചിട്ട തെങ്ങുകൾ എങ്ങനെ നിലനിർത്താമെന്ന ചിന്തയും പ്രഭാകരനെ വൃക്ഷങ്ങൾ വേരോടെ പിഴുതെടുത്ത് മാറ്റിക്കുഴിച്ചിടാൻ പ്രേരിപ്പിച്ചു. പൈപ്പ് ലൈൻ കടന്നു പോകുന്ന ഏഴ് സെന്റ് സ്ഥലത്തെ എട്ട് തെങ്ങ്, നാല് ജാതിക്ക, കവുങ്ങ്, വാഴ തുടങ്ങിയവയാണ് മാറ്റി കുഴിച്ചിട്ടത്.
ജാതിക്ക പൂർണമായും കായ്ച്ച് നിൽക്കുന്ന അവസ്ഥയിലായിരുന്നു. ഇതിൽ ഭൂരിദാഗം മരങ്ങളും കായ്ച്ചുനിൽക്കവെയാണ് പ്രദേശത്ത് ഗെയ്ൽ പ്രവൃത്തി ആരംഭിച്ചത്. സുഹൃത്തും അയൽവാസിയുമായ ശ്രീധരനും മരങ്ങൾ വേരോടെ പിഴുതെടുത്ത് മാറ്റിക്കുഴിച്ചിട്ടിട്ടുണ്ട്.