സ്വന്തം ലേഖകൻ
കോഴിക്കോട്: മുക്കത്ത് ഗെയിൽ വിരുദ്ധസമരം സംസ്ഥാനശ്രദ്ധ ആകർഷിച്ചതോടെ പ്രതിരോധിക്കാൻ പുതുതന്ത്രം തേടി സിപിഎം. നിലവിൽ പാർട്ടിയോട് ഒരു വിഭാഗം ജനങ്ങൾക്കുണ്ടായ അവമതിപ്പ് പരിഹരിക്കുക എന്നതാണ് പ്രധാന വെല്ലുവിളി. ഇതിനായി ശക്തമായ ബോധവൽകരണം നടത്താനും ഗെയിൽ പദ്ധതിയെകുറിച്ച് വ്യക്തമായി പഠിക്കാനും ഇക്കാര്യങ്ങൾ ജനങ്ങളെ പറഞ്ഞുമനസിലാക്കാനും സിപിഎം ഒരുങ്ങികഴിഞ്ഞു.
ഇതിനായി “പാർട്ടി ക്ലാസുകൾ’ തന്നെ സംഘടിപ്പിക്കാനാണ് പാർട്ടി നേതാക്കൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ഗെയിലുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും സിപിഎം നേതാക്കൾക്ക് ഉത്തരമില്ലാതായിരിക്കുകയാണ്. സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ പാർട്ടിക്കെതിരേ പരിഹാസ ശരങ്ങളാണ് ഉയർന്നുവരുന്നത്. ഇതിനു മറുപടി നൽകാൻ ഗെയിൽ പദ്ധതിയെക്കുറിച്ച് വ്യക്തമായ ധാരണ പല നേതാക്കൾക്കും ഇല്ല.
അത് പരിഹരിക്കുക കൂടിയാണ് പാർട്ടി ലക്ഷ്യം. അതേസമയം നിർദിഷ്ട കൊച്ചി- മംഗലാപുരം ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന സർക്കാർ നിലപാട് സമരക്കാർക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ പരക്കുകയാണെന്ന് ആവർത്തിക്കുന്ന സർക്കാർ ജനങ്ങളെ ബോധവത്ക്കരിക്കാനോ അവരുടെ ആശങ്കയകറ്റാനുള്ള നടപടികൾ സ്വീകരിക്കാനോ ഇതുവരെ തയാറായിട്ടില്ല. ഇതുകൂടി മുന്നിൽകണ്ടാണ് സിപിഎം നേതാക്കൾ തന്നെ ബോധവത്കരണത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
പ്രദേശിക നേതൃത്വത്തിനാണ് ഇതുമായി ബന്ധപ്പെട്ട ചുമതല. വീട് നഷ്ടപ്പെടുന്നവർക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യത്തിനും പരിഗണന ലഭിച്ചിട്ടില്ല. നിലവിൽ ആധാര വിലയുടെ 50 ശതമാനമാണ് നഷ്ടപരിഹാരം നൽകുന്നത്. മാർക്കറ്റ് വിലയുടെ ഒരു ശതമാനം പോലും ഇത് വരില്ല. ഏറ്റെടുത്ത ഭൂമിയെ സംബന്ധിച്ചുള്ള വിജ്ഞാപനവും ഇതുവരേ പുറപ്പെടുവിച്ചില്ലെന്ന് സമരസമിതി വ്യക്തമാക്കി.
സർവേ നന്പർ അടിസ്ഥാനമാക്കിയാണ് ഭൂമി ഏറ്റെടുക്കുന്നത്. അതിനാൽ ഭൂമിയുടെ ഇപ്പോഴത്തെ അവകാശികളിൽ പലർക്കും നോട്ടീസ് ലഭിക്കാതെ വരുന്നു. അതേസമയം, ജനവാസ മേഖലയെ ഒഴിവാക്കി അലൈൻമെന്റിൽ മാറ്റം വരുത്തണമെന്ന നാട്ടുകാരുടേയും സമരസമിതിയുടേയും നിലപാട് തള്ളിയ ഗെയിൽ അധികൃതർ പദ്ധതി 2018 ജൂണിൽ കമ്മീഷൻ ചെയ്യാനാകുന്ന തരത്തിൽ പൂർത്തീകരിക്കാൻ ഊർജിതമായ ശ്രമങ്ങളാണിപ്പോൾ നടത്തുന്നത്.
ഞായറാഴ്ചയായ ഇന്നലെയും വൻ പോലിസ് അകന്പടിയോടെ മുക്കത്ത് ഗെയിൽ പ്രവൃത്തി നടന്നു. ഇന്ന് കോഴിക്കോട് കളക്ടറേറ്റിൽ വൈകുന്നേരം നാലിന് മന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ വലിയ പ്രതീക്ഷയില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്ന് സർക്കാറും അലൈൻമെന്റിൽ മാറ്റം വരുത്തില്ലെന്ന് ഗെയിലും വ്യക്തമാക്കിയതോടെ നഷ്ടപരിഹാരത്തെക്കുറിച്ചായിരിക്കും ഇന്നത്തെ സർവകക്ഷി യോഗത്തിൽ പ്രധാനമായും ചർച്ച നടക്കുക. നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർട്ടികൾക്ക് മാത്രമേ ക്ഷണമുള്ളൂ എന്നതിനാൽ ഗെയിൽവിരുദ്ധ സമരത്തിൽ സിപിഎം പ്രതിസ്ഥാനത്ത് നിർത്തിയ വെൽഫയർ പാർട്ടിയും എസ്ഡിപിഐയും സർവകക്ഷി യോഗത്തിൽ നിന്ന് പുറത്താകും. ഗെയിൽ സമരം നേരിടുന്നതിൽ സർക്കാറിന് വീഴ്ച പറ്റിയതായും ഇത് വെൽഫയർ പാർട്ടി, എസ്ഡിപിഐ അടക്കമുള്ള തീവ്ര ഇസ്ലാമിക പ്രസ്ഥാനങ്ങൾ മുതലെടുത്തതായും സിപിഎം വിലയിരുത്തുന്നു.