കോഴിക്കോട്: ഗെയിൽ വിരുദ്ധ സമരം രാഷ്ട്രീയ പോരാട്ടമാകുന്നു. സമരം ഏറ്റെടുക്കാൻ യുഡിഎഫ് തീരുമാനിച്ചതോടെ സിപിഎം പ്രതിരോധത്തിലായി. പാർട്ടിയിൽ ഒരുവിഭാഗം ഇപ്പോഴും സമരത്തെ അനുകൂലിക്കുകയും ഗെയിൽ വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതാണ് പാർട്ടി നേതൃത്വത്തെ കുഴക്കുന്നത്. മുൻപ് ഗെയിലിനെതിരേ സംസാരിച്ച കാര്യങ്ങൾ വിഴുങ്ങേണ്ട അവസ്ഥയിലാണ് പാർട്ടി. പാർട്ടി എരിയാ സമ്മേളനങ്ങൾപോലും ഈ വിഷയവുമായി ബന്ധപ്പെട്ട് കലുഷിതമായിരുന്നു.
സമരത്തിനെതിരേ നിലാപാടെടുത്താൽ പ്രാദേശിക പിന്തുണ കുറയുമെന്നാണ് നേതാക്കൾ പറയുന്നത്. വി.എസ്.അച്യുതാനന്ദന്റെ നിലപാടും ഈ വിഭാഗത്തിന് ആവേശം പകരുന്നു. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കുക എന്ന നിർദേശമാണ് പാർട്ടി പ്രാദേശിക നേതൃത്വത്തിന് നൽകിയിരിക്കുന്നത്. അതേസമയം പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയിൽ ഗെയിൽ വിഷയം വ്യാപകമായി ഉയർത്തിക്കൊണ്ടുവരാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നത്. ജാഥ എട്ടിന് ജില്ലയിൽ എത്തുന്നതുവരെ പ്രശ്നം സജീവ ചർച്ചയാക്കാൻ പാർട്ടി ഒരുങ്ങികഴിഞ്ഞു.
ഇരുമുന്നണികളും നിലവിൽ രാഷ്ട്രീയ പോരാട്ടമായി ഗെയിലിനെ ഏറ്റെടുത്തുകഴിഞ്ഞു. ഇന്ന് രാവിലെ യുഡിഎഫ് നേതാക്കൾ സ്ഥലത്തെത്തി പോലീസ് മർദനത്തിനിരയായവരുടെ വീടുകളും അക്രമമുണ്ടായ സ്ഥലങ്ങളും സന്ദർശിച്ചു. എം.ഐ. ഷാനവാസ് എംപിയുടെ നേതൃത്വത്തിലാണ് ഇവിടെ യുഡിഎഫ് തന്ത്രങ്ങൾ മെനയുന്നത്.
അതേസമയം, പ്രതിഷേധം കനക്കുന്നതിനിടെ ഇന്ന് രാവിലെ മുതൽ ഗെയിൽഅധികൃതർ പ്രവൃത്തി പുനരാരംഭിച്ചു. ജില്ലാകളക്ടറുടെ നിർദേശാനുസരണം കനത്ത സുരക്ഷയിലാണ് പ്രവൃത്തികൾ നടക്കുന്നത്. പന്നിക്കോട് -പൂവാട്ട് ഭാഗത്താണ് ഇപ്പോൾ ജെസിബി ഉപയോഗിച്ചുളള പ്രവൃത്തിനടക്കുന്നത്. ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായി ഒരുകിലോമീറ്റർ ദൂരത്തിൽ പ്രവൃത്തികൾ നടന്നുകഴിഞ്ഞു. ഇനിയും സംഘർഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻപോലീസ് സന്നാഹം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. മനപൂർവ്വം സംഘർഷം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നതായുള്ള ഇന്റലിജൻസ് വിവരത്തെതുടർന്ന് തീവ്ര സ്വഭാവമുള്ള ചിലസംഘടനകളെയും പ്രവർത്തകരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ കറുത്ത പറന്പ് മുതൽ വാലില്ലാ പുഴ വരെയുള്ള എട്ട് കിലോമീറ്റർ റോഡിൽ പത്തോളം സ്ഥലങ്ങളിൽ റോഡിൽ കഴിഞ്ഞദിവസം ടയറുകൾ കൂട്ടിയിട്ടും മരങ്ങൾ കൂട്ടിയിട്ടും കത്തിച്ച് ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. ഇതിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.