കോഴിക്കോട്: ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കെതിരേയുള്ള സമരത്തെ തള്ളി സിപിഎം രംഗത്ത്. സമരം ന്യായത്തിന് വേണ്ടിയുള്ളതല്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടി പി.മോഹനൻ പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി പോകുന്നവരുടെ ആവലാതി മനസിലാക്കാം. പക്ഷേ, സമരം ചെയ്യുന്നവർ തികഞ്ഞ അരാജകത്വം സൃഷ്ടിക്കുകയാണ് ചെയ്യുന്നത് സോളിഡാരിറ്റി, എസ്ഡിപിഐ പോലുള്ള സംഘടനകളാണ് വാഹനങ്ങൾ തകർക്കുന്നതും പോലീസിനെ കല്ലെറിയുന്നതും. ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി കേരളത്തിന്റെ പൊതുവികസനത്തിന് അത്യാവശ്യാമാണെന്നും ഈ പദ്ധതി വേണ്ടെന്ന വാദഗതിയാണ് ചിലർ ഉന്നയിക്കുന്നതെന്നും പി.മോഹനൻ കുറ്റപ്പെടുത്തി.
നേരത്തെ സമരക്കാർക്കെതിരേ കോടിയേരി ബാലകൃഷ്ണനും നിലപാട് വ്യക്തമാക്കിയിരുന്നു. സമരം അനാവശ്യമാണെന്നും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നുമാണ് കോടിയേരി വ്യക്തമാക്കിയത്.