സ്വന്തം ലേഖകൻ
കോഴിക്കോട്: ഗെയിൽ (ഗ്യാസ് അഥോരിറ്റി ഒാഫ് ഇന്ത്യാ ലിമിറ്റഡ്) വിരുദ്ധസമരം ഏറ്റെടുക്കേണ്ടതില്ലെന്ന് യുഡിഎഫ് തീരുമാനം. പ്രാദേശിക നേതാക്കളുടെ സമ്മർദത്തെതുടർന്നെന്ന്് സുചന. പടയൊരുക്കം ജാഥ കോഴിക്കോട്ടെത്തിയ ദിവസം തന്നെ യുഡിഎഫ് സമരം ഏറ്റെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിക്കുകയായിരുന്നു. ഗെയിൽ പദ്ധതി എന്തു വെല്ലുവിളി നേരിട്ടും നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ സമരം പരാജയപ്പെട്ടാൽ അത് പാർട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കും.
പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചതോടെ പ്രതിഷേധത്തിന് ഫലം കണ്ടതായാണ് യുഡിഎഫ് വിലയിരുത്തുന്നത്. എന്തായാലും സമരസമിതിയെ ആകെ വെട്ടിലാക്കിയിരിക്കുകയാണ് യുഡിഎഫിന്റെ പിൻമാറ്റം. ഇന്ന് വൈകുന്നേരം ഏഴിന് സമരസമിതിയോഗം ചേരുന്നുണ്ട്. പോലീസ് അറസ്റ്റ് ഭയന്ന് പലരും ഒളിവിലാണ്. ഇതുവരെ നേതാക്കൾക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കണമെന്ന ആവശ്യം പോലീസ് അംഗീകരിച്ചിട്ടില്ല. അത് മുഖ്യമന്ത്രി തീരുമാനിക്കുമെന്നാണ് യോഗത്തിൽ അറിയിച്ചിരിക്കുന്നത്.ശക്തമായ നടപടിയെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ് ജില്ലാഭരണകൂടവും ആഭ്യന്തരവകുപ്പും.
അതിനാൽ തന്നെ ഇന്നു നടക്കുന്ന യോഗത്തിൽ തത്ക്കാലം സമരമുഖത്തുനിന്നും വിട്ടുനിൽക്കാനുള്ള തീരുമാനമായിരിക്കും ഉണ്ടാകുക എന്നറിയുന്നു. സമരം ഏറ്റെടുക്കില്ലെന്ന് നേരത്തെ തന്നെ കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. അതേസമയം, സമരം ആളിക്കത്തുന്ന സന്ദർഭത്തിൽ പ്രതിപക്ഷ നേതാവ് സമരം ഏറ്റെടുക്കുമെന്നും അറിയിച്ചു. ഒടുവിൽ നേതാക്കൾ തമ്മിൽ പരസ്പരം ചർച്ച നടത്തിയശേഷം സമരത്തിൽ നിന്നും പിൻവാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
നാളെ സിപിഎം വിശദീകരണയോഗം സംഘടിപ്പിച്ചിട്ടുണ്ട്. തിരുവന്പാടി ഏരിയാകമ്മറ്റിയുടെ നേതൃത്വത്തിലാണ് യോഗം. പൈപ്പ് ലൈൻ പദ്ധതിക്കായി സ്ഥലം വിട്ടു നൽകുന്ന 10 സെൻറിൽ താഴെ മാത്രം സ്വത്തുള്ള ഭൂവുടമകൾക്കും പദ്ധതിക്കായി വീട് വിട്ടുനൽകുന്നവർക്കും പുനരധിവാസം ഉറപ്പാക്കാനാണ് നിലവിൽ ഗെയിലിന് ലഭിച്ചിരിക്കുന്ന നിർദേശം. ചില വീടുളുടെ തൊട്ടുമുന്പിലൂടെയാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്. ഇത്തരം വീടുകളെ സംരക്ഷിച്ചു മാത്രമേ പദ്ധതിയുടെ പണി പുരോഗമിക്കുകയുള്ളൂവെന്നാണ് ഇന്നലെ നടന്ന ചർച്ചയിൽ ഗെയിൽ അധികൃതർ അറിയിച്ചത്. വീടുകളുടെ തൊട്ടടുത്തുകൂടെ പൈപ്പ് ലൈൻ കടന്നുപോകുന്നുണ്ടെങ്കിൽ അവിടങ്ങളിൽ 20 മീറ്ററിൽ കിള കീറി പൈപ്പ് സ്ഥാപിക്കില്ല.
പകരം പൈപ്പ് സ്ഥാപിക്കാൻ ആവശ്യമായ 10 മീറ്റർ മാത്രം തുരന്ന് പൈപ്പ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര അക്വിസിഷൻ ആക്ട് പ്രകാരമാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത്. ആക്ടിന്റെ ചട്ടപ്രകാരം വിപണിവിലയുടെ 10ശതമാനം മാത്രമാണ് സ്ഥലം വിട്ടുനൽകുന്നവർക്ക് വിതരണം ചെയ്യാൻ സാധിക്കുക. എന്നാൽ വിപണി വിലയുടെ അഞ്ചിരട്ടിയാണ് ഇപ്പോൾ നൽകുന്നത്. വിലയുടെ കാര്യത്തിൽ വർധനവുണ്ടാകണമെന്ന ആവശ്യം സർക്കാർ ഗൗരവമായി പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് ഗെയിൽ അധികൃതരോട് ചർച്ച നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരമാവധി വർധിപ്പിച്ച വില ആയിരിക്കും ജനങ്ങൾക്ക് നൽകുകയെന്നും ചർച്ചയ്ക്കുശേഷം മന്ത്രി എ.സി.മൊയ്തീൻ അറിയിച്ചു.