ന്യൂഡൽഹി: “വീരേന്ദർ സെവാഗ് എന്നെ ടീമിലെടുക്കുക വഴി ഐപിഎലിനെ രക്ഷിച്ചു.”കരീബിയൻ ക്രിക്കറ്റർ ക്രിസ് ഗെയിലിന്റെ വാക്കുകളാണിത്. ഒറ്റ നോട്ടത്തിൽ അഹങ്കാരം നിറഞ്ഞവാക്കുകളെന്നു തോന്നിയേക്കാം.
പക്ഷേ, പ്രകടനം വിലയിരുത്തുന്പോൾ അത് പ്രതിഭയുടെ വാക്കുകളാണെന്നു മനസിലാവും. ഐപിഎല്ലില്‍ ഇന്നലെ അക്ഷരാര്‍ഥത്തില്‍ ക്രിസ് ഗെയ്ലിന്റെ ദിവസമായിരുന്നുവെന്നു പറയാം. ഈ സീസണിലെ ആദ്യ സെഞ്ചുറി നേടിയ അദ്ദേഹത്തിന്റെ ഈ വാക്കുകളും സെഞ്ചുറിയും തന്നെ ലേലത്തില്‍ തഴഞ്ഞ മറ്റ് ടീമുകള്‍ക്കുള്ള മറുപടി കൂടിയായിരുന്നു.
63 പന്തില്‍ 103 റണ്‍സെടുത്ത ഗെയ്ലിന്റെ മികച്ച പ്രകടനമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്താൻ പഞ്ചാബിനെ സഹായിച്ചത്. 11 പടുകൂറ്റൻ സിക്സറുകളാണ് 38കാരനായ ഗെയ്ലിന്റെ ബാറ്റിൽനിന്നു പിറന്നത്.
ട്വന്റി-20 ക്രിക്കറ്റിലെ ഇരുപത്തി ഒന്നാമത്തെ സെഞ്ചുറിയാണ് ഗെയ്ൽ കുറിച്ചത്. മത്സരശേഷം തന്റെ സെഞ്ചുറി മകൾക്ക് സമർപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഗെയ്ലിന്റെ മകളുടെ രണ്ടാം ജന്മദിനം ഇന്നലെയായിരുന്നു. പക്ഷേ, നന്ദി പറഞ്ഞത് പഞ്ചാബ് ടീം മെന്ററും മുൻ ഇന്ത്യൻ താരവുമായ വിരേന്ദർ സെവാഗിനാണ്.
“എന്നെ ഈ സീസണില്‍ ഉള്‍പ്പെടുത്തി രക്ഷിച്ചത് സെവാഗാണ്. ഈ സീസണിലെ ആദ്യ സെഞ്ചുറി എന്റേതാണ്. ശരിക്കും സെവാഗ് എന്നെയല്ല രക്ഷിച്ചത്. ടൂർണമെന്റിനെനെയാണ്. ഏത് ഫ്രാഞ്ചൈസിയാണ് എന്നെ ഉള്‍പ്പെടുത്തിയതെങ്കിലും അവര്‍ക്ക് വേണ്ടി എന്റെ പ്രതിഭയുടെ മാക്സിമം പ്രയോജനപ്പെടുത്തുകയായിരുന്നു ലക്ഷ്യം. നിങ്ങള്‍ക്ക് തെളിയിക്കാന്‍ പലതുമുണ്ടെന്ന് പലരും എന്നോട് പറഞ്ഞിരുന്നു.
ആദ്യലേലങ്ങളിലൊന്നും എന്നെ പരിഗണിച്ചിരുന്നില്ല. അവസാന ദിവസമാണ് സെവാഗ് എന്നെ രക്ഷിക്കുന്നത്. സെവാഗാണ് എനിയ്ക്കുവേണ്ടി രംഗത്തിറങ്ങിയത്. ഗെയ്ല് രണ്ടു കളികള്‍ ഞങ്ങള്‍ക്കുവേണ്ടി ജയിച്ചാല്‍ മുടക്കിയ പണം തിരിച്ചുകിട്ടുമെന്ന് സെവാഗ് അന്ന് പറഞ്ഞിരുന്നു.’’
ആദ്യം ബാറ്റുചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിനു നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ടൂര്‍ണ്ണമെന്റിലെ ഹൈദരാബാദിന്റെ ആദ്യ തോല്‍വിയാണ് ഇന്നലത്തേത്.