മുക്കം: ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി മണ്ണ് തുരക്കുവാൻ ഉപയോഗിക്കുന്ന വിഷാംശം കലർന്ന രാസലായനി സൂക്ഷിച്ച ബണ്ട് പൊട്ടുടുകയും പ്രദേശവാസികളുടെ കിണറുകളുൾപ്പെടെ മലിനമാവുകയും ചെയ്ത സംഭവത്തിൽ ഗെയിൽ പ്രവൃത്തിക്ക് കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയുടെ സ്റ്റോപ്പ് മെമ്മോ.
പഞ്ചായത്തിലെ സർക്കാർ പറമ്പ് വലിയപറമ്പ് റോഡ് കീറി മുറിച്ച് നടത്തുന്ന പ്രവൃത്തിയാണ് തടഞ്ഞത്. മാർച്ച് 28ന് പഞ്ചായത്ത് ഭരണസമിതി നൽകിയ അനുമതി തടഞ്ഞ് കൊണ്ടുള്ള അറിയിപ്പ് പഞ്ചായത്ത് സെക്രട്ടറി ഗെയിൽ അധികൃതർക്ക് കൈമാറി. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് തുടങ്ങിയ ശേഷം ഗെയിൽ പ്രവൃത്തി നിർത്തിവയ്ക്കുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് നടപടിയെന്ന് സെക്രട്ടറി വ്യക്തതമാക്കി . ഗെയ്ൽ പ്രവൃത്തി മൂലം റോഡ് തകരുകയും ചെയ്തിരുന്നു. ജനങ്ങളുടെ ആവശ്യാനുസരണം യു.ഡി.എഫ് ജനപ്രതിനിധികൾ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിക്കുകയും പ്രവൃത്തി നിർത്തിവയ്ക്കണമെന്നാവശപപ്പെട്ട് സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.
പ്രദേശവാസികളെ വൻ ദുരിതത്തിലാക്കി കഴിഞ്ഞദിവസമാണ് മഴയിൽ രാസ ലായനി സൂക്ഷിച്ച ബണ്ട് പൊട്ടിയത്. ഇതിനെത്തുടർന്ന് സമീപത്തെ പത്തോളം വീട്ടുകാരുടെ ഏക ആശ്രയമായ റോഡ് ഒലിച്ചുപോവുകയും പറമ്പുകളിലും വീടുകളുടെ മുറ്റങ്ങളിലും രാസ ലായനി ഒലിച്ചെത്തുകയും ചെയ്തു. സമീപത്തെ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെടുകയും ചെയ്തു .
കാൽനടയാത്ര പോലും ഏറെ ദുഷ്കരമായി. ഇതോടെ സ്കൂൾ വിദ്യാർഥികളടക്കമുള്ള നാട്ടുകാർക്ക് മറ്റിടങ്ങളിലേക്ക് നിരവധി ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഇപ്പോൾ പോകുന്നത്. അശാസ്ത്രീയമായി ലായനി സൂക്ഷിച്ചതിനാലാണ് കനത്ത മഴയിൽ ബണ്ട് പൊട്ടിയതെന്നും സമീപവാസികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുക്കാതെയാണ് ഗെയിലധികൃതർ പ്രവൃത്തി നടത്തുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
20 മീറ്റർ വീതിയിൽ പ്രവൃത്തി നടത്തുന്നു എന്ന് പറഞ്ഞ് ഏറ്റെടുത്ത സ്ഥലത്ത് തന്റെ ഏക്കറിൽ ഒരിഞ്ച് സ്ഥലത്ത് പോലും കൃഷി ചെയ്യാൻ പറ്റാതായതായി കാരശ്ശേരി ഗ്രാമപഞ്ചായത്തംഗം ജി.അബ്ദുൽ അക്ബർ പറഞ്ഞു. സമീപത്തെ കിണറുകളും ജലനിധി പദ്ധതിയുടെ കിണറും മലിനമായതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
സർക്കാർപറമ്പിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന പെരിലക്കാട് മല തുരന്ന് ഗെയിൽ പൈപ്പ് സ്ഥാപിച്ചതിനാൽ മഴ പെയ്യുമ്പോൾ മലയിൽ നിന്ന് ചെളിനിറഞ്ഞ വെള്ളം ഒലിച്ചിറങ്ങി വീടുകളും കുടിവെള്ള സ്രോതസുകളും മലിനമാകുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു.