മുക്കം: രണ്ട് മാസത്തിലധികമായി എരഞ്ഞിമാവിൽ നടന്നുവരുന്ന ഗെയിൽ വിരുദ്ധ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 19ന് പ്രതിരോധ സംഗമം നടക്കാനിരിക്കെ സമരത്തെ ഏത് വിധേനയും നേരിടാനുറച്ച് പോലീസ്. പ്രവൃത്തി ഒരു നിമിഷം പോലും മുടങ്ങാൻ പാടില്ലന്ന ഡിജിപിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് വനിത പോലീസുകാർ ഉൾപ്പെടെയുള്ളവർക്ക് മുക്കത്ത് പ്രത്യേക പരിശീലനം നൽകി.
കോഴിക്കോട്, മലപ്പുറം, വയനാട് ബറ്റാലിയനിലെ 100 ഓളം പോലീസുകാർക്കാണ് പരിശീലനം നൽകിയത്. ഡിസംബർ 19 ന് സ്ത്രീകളെയും കുട്ടികളേയും അണിനിരത്തി സമരസമിതി പ്രവൃത്തി തടയുമെന്ന വിവരത്തെ തുടർന്നാണ് സമര രംഗത്ത് സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ കുറിച്ചും ഗ്രനേഡ്, കണ്ണീർവാതകം ഉൾപ്പെടെയുള്ളവ പ്രയോഗിക്കുന്നതിനെ കുറിച്ചും ക്ലാസ് നൽകി വരുന്നത്. സമരക്കാരുടെ ഭാഗത്ത് നിന്ന് കല്ലേറും മറ്റുമുണ്ടായാൽ അതിനെ ഏത് രീതിയിൽ പ്രതിരോധിക്കണമെന്നതിനെ കുറിച്ചും പരിശീലനം നൽകുന്നുണ്ട്.
എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകൾ സമരത്തിന് നേതൃത്വം നൽകുന്ന സാഹചര്യത്തിൽ എന്തെങ്കിലും സംഘർഷമുണ്ടായാൽ അവിടെ ഉടൻ നടപടി സ്വീകരിക്കുന്നതിനായാണ് പരിശീലനമെന്ന് സിറ്റി പോലീസ് ഡപ്യൂട്ടി കമ്മീഷണർ മെറിൻ ജോസഫ് പറഞ്ഞു.
ആദ്യ ദിവസം ലാത്തിവീശലിലാണ് പരിശീലനം നൽകിയത്. മുക്കം അരീക്കോട് റോഡിലെ മുക്കം പാലത്തിന് സമീപമാണ് മോബ് ഓപ്പറേഷൻ പരിശീലനം നടന്നത്. വയനാട് ഡിസിപി ചൈത്ര, ഡിവൈഎസ്പി സജീവൻ, മുക്കം എസ്ഐ അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി .മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലനം നാളെ സമാപിക്കും. രാവിലേയും വൈകുന്നേരവും രണ്ട ഘട്ടങ്ങളിലായാണ് പരിശീലനം