ആലപ്പുഴ: നിലവിലെ അനുമാനം അനുസരിച്ച്, തമിഴ്നാട്ടിൽ പ്രവേശിച്ച ഗജ ചുഴലിക്കാറ്റ് ഒരു തീവ്ര ന്യുനമർദമായി ശക്തി കുറഞ്ഞ് മധ്യകേരളത്തിലൂടെ, കിഴക്കുനിന്നും പടിഞ്ഞാറ് ദിശയിൽ, തമിഴ്നാട്ടിൽ നിന്നും അറബിക്കടലിലേക്ക് സഞ്ചരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം.
ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കൊല്ലം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ അതിശക്തമായ കാറ്റ് (മണിക്കൂറിൽ 30-40 കിമി മുതൽ ചില സമയങ്ങളിൽ 50 കിമി വരെ വേഗത്തിൽ) വീശുവാൻ സാധ്യത ഉണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ വാഹനങ്ങൾ മരങ്ങളുടെ കീഴിൽ പാർക്ക് ചെയ്യാതെയിരിക്കാനും, ബലഹീനമായ വൈദ്യുത-ടെലിഫോണ് പോസ്റ്റുകളുടെ ചുവട്ടിൽ നിന്ന് മാറി നിൽക്കാനും ശ്രദ്ധിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിട്ടി അറിയിച്ചു. ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ എല്ലാ ജില്ലകളിലും മഴ ലഭിക്കും.
കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ശക്തവും, അതിശക്തവുമായ മഴയും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയും ലഭിച്ചേക്കും. മഴ സംബന്ധിയായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ശക്തമായ കാറ്റിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ 20 വരെ അറബിക്കടലിലും, കേരള തീരത്തും, ലക്ഷദ്വീപ് ഭാഗത്തും, കന്യാകുമാരി ഭാഗത്തും മത്സ്യബന്ധനത്തിനായി പോകരുത്. ഇതിനോടകം ഈ മേഖലയിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയവരിലേക്ക് ഈ വിവരം അറിയിക്കുകയും അടുത്തുള്ള സുരക്ഷിതമായ തീരത്തെത്താൻ ആവശ്യപ്പെടുകയും ചെയ്യേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിട്ടിയും ജില്ലാ ദുരന്ത നിവാരണ അഥോറിട്ടി ചെയർമാൻ ജില്ലാ കളക്ടറും അറിയിച്ചു.