തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഗജ ചുഴലിക്കാറ്റ് ആശങ്ക വിതച്ച് കരയോടടുക്കുന്നു. ഈ പശ്ചാത്തലത്തിൽ തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണം അതീവ ജാഗ്രതാ നിർദേശം നൽകി.
ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കൊല്ലം ജില്ലയിലും വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ 20 സെന്റീമീറ്ററിനു മുകളിലുള്ള കനത്ത മഴയ്ക്കാണ് സാധ്യത.
പത്തനംതിട്ട ജില്ലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിലും ആലപ്പുഴയിൽ വെള്ളിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വെള്ളിയാഴ്ച മലപ്പുറം ജില്ലയിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഓറഞ്ച് അലർട്ടും കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ടും പിൻവലിച്ചു.
വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾ ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ ഭാഗത്തേക്ക് പോകരുതെന്നും നിലവിൽ അവിടേക്ക് പോയിട്ടുള്ളവർ എത്രയും വേഗം തിരികെയെത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.