തിരുവനന്തപുരം: ന്യൂനമർദമായി ശക്തി കുറഞ്ഞ ഗജ ചുഴലിക്കാറ്റ് അറബിക്കടലിൽ വീണ്ടും ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ന്യൂനമർദമായി കൊച്ചി തീരത്തുനിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറുവരെ പോയ ശേഷമാണു ഗജ വീണ്ടും ചുഴലി ക്കാറ്റായത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനപ്രകാരം ഈ ചുഴലിക്കാറ്റ് തുടർന്നും പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കും.
തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും ചില അവസരങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെയും ആകാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.കേരള തീരത്തു കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാലും കടൽ അത്യന്തം പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാലും തീരവാസികൾ ജാഗ്രത പാലിക്കണം.
ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മരങ്ങൾ, വൈദ്യുതിപോസ്റ്റുകൾ, ടവറുകൾ എന്നിയുടെ സമീപത്തു വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അധികസമയം ചെലവഴിക്കുകയോ ചെയ്യരുത്.അതേസമയം, ഗജ ചുഴലിക്കാറ്റിനു പിന്നാലെ ലക്ഷദ്വീപ് തീരത്തു രൂപംകൊണ്ട ന്യൂനമർദം അടുത്ത 10 മണിക്കൂറിനുള്ളിൽ മറ്റൊരു ചുഴലിക്കാറ്റായി രൂപമെടുക്കാൻ സാധ്യതയുണ്ടെന്നു കേന്ദ്ര സൈക്ലോണ് വാണിംഗ് സെന്റർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.ന്യൂനമർദത്തിന്റെ പ്രഭാവത്താൽ ലക്ഷദ്വീപിൽ അത്യന്തം കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.