തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിനെ തുടർന്ന് ഇന്നു കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതേത്തുടർന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് രണ്ടാംഘട്ട ജാഗ്രത നിർദേശം(ഓറഞ്ച് അലേർട്ട്) പുറപ്പെടുവിച്ചു. ജില്ലാ ഭരണകൂടങ്ങളും പോലീസ്, അഗ്നിശമനസേന, കെഎസ്ഇബി വകുപ്പുളും ജാഗ്രത പുലർത്തണമെന്ന് സർക്കാർ നിർദേശം നൽകി.
വ്യാപകമായ മഴയ്ക്കു സാധ്യതയുള്ള കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് കൺട്രോൾ റൂമുകൾ തുറന്നു. എല്ലാ താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നത്.
ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം, ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത് ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്, മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക തുടങ്ങിയ നിർദേശങ്ങൾ സർക്കാർ നൽകി.
മത്സ്യത്തൊഴിലാളികൾ ഇന്നു വൈകിട്ടുമുതൽ കടലിൽ പോകരുത്. നാവികസേനയും തീരസംരക്ഷണസേനയും മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകണമെന്നും സർക്കാർ അറിയിച്ചു.
തമിഴ്നാട്ടിൽ 11 മരണം
ചെന്നൈ: തമിഴ്നാട്ടിൽ വീശിയടിച്ച ഗജ ചുഴലിക്കൊടുങ്കാറ്റിൽ കനത്ത നാശനഷ്ടം. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയത്. നാഗപട്ടണം വേദാരണ്യത്ത് നിരവധി വീടുകൾ തകർന്നു.
നാഗപട്ടണം, കടലൂർ, തഞ്ചാവൂർ, തൂത്തുക്കുടി, പുതുക്കോട്ട എന്നിവിടങ്ങളിലാണ് കാറ്റ് വീശിയടിച്ചത്. ഇവിടങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങൾ തകരാറിലായിട്ടുണ്ട്. റോഡ്, ട്രെയിൻ ഗതാഗതവും താറുമാറായി.
ചുഴലിക്കാറ്റ് മുന്നിൽക്കണ്ട് തമിഴ്നാട് 6000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരുന്നു. മുൻകരുതലെന്ന നിലയിൽ തമിഴ്നാട്ടിൽ പലയിടത്തും വൈദ്യുത ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.