ഗുരുവായൂർ;എഴുന്നെള്ളിപ്പുകൾക്ക് അനുമതി ലഭിച്ചാൽ ഗജരത്നം പത്മനാഭൻ തലയെടുപ്പോടെ തിടന്പേറ്റാൻ തയ്യാർ. പൂർണ ആരോഗ്യവാനായി ആനക്കോട്ടയിൽ എഴുന്നെള്ളിപ്പുകൾക്ക് പോകാനാവാതെ അലസനായി നിൽക്കുകയാണിപ്പോൾ.
ആരോഗ്യം നിലനിർത്താൻ പത്മനാഭനെ ആനക്കോട്ടയിൽ ദിവസവും നടത്തിക്കുന്നുണ്ട്.പ്രായാധിക്യം എന്ന കാരണം പറഞ്ഞ് വനംകവകുപ്പാണ് ആനയെ എഴുന്നെളളിപ്പുകളിൽ നിന്ന് വിലക്കിയത്.കേരളത്തിലുടനീളം ആരാധകരുള്ള പത്മനാഭൻ ഉത്സവങ്ങൾക്കും പൂരങ്ങൾക്കും ഏറെ പ്രിയങ്കരമാണ്.
2016ൽ പാലക്കാട് ഒലവക്കോട് അത്താണിപറന്പ് ചന്ദനക്കാവ് വേലകമ്മിറ്റി ഉത്സവത്തിന് ഒരു നേരത്തെ എഴുന്നെള്ളിപ്പിന് 2,22,227 രൂപക്കാണ് പത്മനാഭനെ ഏക്കത്തിനെടുത്തത്.ഇത്രയും ഏക്കത്തുക ലഭിക്കുന്ന ആനകൾ കേരളത്തിൽ വിരളം.ഗുരുവായൂരപ്പന്റെ പ്രിയ കൊന്പനായ പത്മനാഭനെ ദൈവീക പരിവേഷത്തോടെയാണ് കാണുന്നത്.
ആനപ്രേമികളുടെ ഇഷ്ടതാരമായ പത്മനാഭനെ ദേവസ്വത്തിന്റെ നിബന്ധനകൾ പാലിച്ച് തൃശൂർ ജില്ലയിലെ ഉത്സവങ്ങൾക്കും പൂരത്തിനുമെങ്കിലും എഴുന്നെള്ളിപ്പുകൾക്ക് വിടണമെന്നാണ് ആനപ്രേമികളുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആനപ്രേമിസംഘം പ്രസിഡന്റ് കെ.പി.ഉദയൻ നിവേദനം നൽകിയിരുന്നു.