വൈപ്പിൻ: നെടുന്പാശേരിയിലെ സിഎഎഫ്എസ് കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ തമിഴ്നാട് തൃശിനാപ്പിള്ളി കൊപ്പംപാട്ടി വൈരി ചെട്ടിപ്പാളയം സ്വദേശി തങ്കരാജിന്റെ മകൻ ഗജേന്ദ്രനെ (35) പള്ളത്താംകുളങ്ങര ബീച്ചിൽവച്ച് കുത്തിക്കൊലപ്പെടുത്തിയ ഏഴംഗ സംഘത്തിലെ ആറുപേരെ മുനന്പം പോലീസ് അറസ്റ്റ് ചെയ്തു.
പള്ളത്താംകുളങ്ങര സുനാമി കോളനിക്കടുത്ത് കോഴിപ്പറന്പിൽ മകൻ സുബിൻ (24), എടവനക്കാട് സെയ്തുമുഹമ്മദ് റോഡ് കൂട്ടേപ്പടി അഷ്കർ (24) , പറവൂർ ചെറിയ പല്ലംതുരുത്ത് കുനടിപ്പറന്പിൽ ശ്യാംശ്രീ (25), എടവനക്കാട് മായാബസാർ കറുത്താട്ടിൽ നജ്മുദ്ദീൻ (25), കുഴുപ്പിള്ളി പള്ളത്താംകുളങ്ങര വാടേപ്പറന്പിൽ വിഷ്ണു (25), കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ചലശേരി ആദർശ് (23) എന്നിവരാണ് അറസ്റ്റിലായത്. ആറാംപ്രതിയായ സരുണ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പോലീസ് തെരച്ചിൽ തുടരുകയാണ്.
പ്രതികളിൽ പലരും കഞ്ചാവ് ഉപയോഗിക്കുന്നവരും വില്പന നടത്തുന്നവരുമാണെന്ന് അന്വേഷണത്തിൽ അറിയാൻ കഴഞ്ഞിട്ടുണ്ട്. ഇന്നലെ പുലർച്ചെ വീടുകളിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തശേഷം രാത്രി ഏറെ വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആയുധങ്ങൾ സൂക്ഷിച്ചിരുന്നതും കുത്തിയതും ഒന്നാം പ്രതി സുബിൻ ആണെന്ന് പോലീസ് പറഞ്ഞു.
കൊലക്ക് ഉപയോഗിച്ച ഒരടിയോളം നീളമുള്ള അറ്റം കൂർത്ത സ്റ്റീൽ കത്തിയും ഒരു വാക്കത്തിയും പോലീസ് ഒന്നാംപ്രതി സുബിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഇയാളുടെ കിടക്കയ്ക്ക് അടിയിലാണ് ഇവ ഒളിപ്പിച്ച് വെച്ചിരുന്നത്. ഗജേന്ദ്രനോടൊപ്പമുണ്ടായിരുന്ന തൃശൂർ ചേലക്കര സ്വദേശി ബിനീഷ്, തിരുവനന്തപുരം സ്വദേശി സാബു, തൃശൂർ സ്വദേശി ഡിവൈൻ, തൊടുപുഴ സ്വദേശി ശ്രീജിത്ത് എന്നിവർക്കും കുത്തേറ്റിരുന്നു. ഇവർ ഇപ്പോഴും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികളായ കഞ്ചാവ് മാഫിയ സംഘം പതിവായി തന്പടിക്കാറുള്ള ബീച്ചിന്റെ ഒരു കോണിൽ ഗജേന്ദ്രനും സംഘവും ബോള് തട്ടിക്കളിച്ചപ്പോൾ ഇവിടെയിരുന്ന മദ്യപിക്കുകയായിരുന്ന പ്രതികളുടെ ദേഹത്ത് ബോൾ തട്ടിയതാണ് സംഘട്ടനത്തിലും കത്തിക്കുത്തിലും അവസാനിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിൽ മൂന്നാം പ്രതിയായ ശ്യാംശ്രീ പറവൂർ സ്റ്റേഷനിലെ മാലപൊട്ടിക്കൽ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
പറവൂർ സിഐ കെ. അനിൽകുമാർ, മുനന്പം എസ്ഐ ടി.വി. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ ഇന്നു കോടതിയിൽ ഹാജരാക്കും. സംഭവസ്ഥലത്ത് റൂറൽ എസ്പിയുടെ ചാർജുള്ള കൊച്ചി സിറ്റി ഡിസിപി ഹിമേന്ദ്രനാഥ്, ആലുവ റൂറൽ എസ്പി ജയരാജ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി രവീന്ദ്രനാഥ് എന്നിവരും വിരലടയാള വിദഗ്ദരും സയന്റിഫിക് സ്ക്വാഡും ഡോക് സ്ക്വാഡും എത്തിയിരുന്നു.
മൃതദേഹം ഇന്നലെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ മുനന്പം പോലീസ് ഇൻക്വസ്റ്റ് നടത്തി എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നു പോലീസ് സർജനെക്കൊണ്ട് പോസ്റ്റുമോർട്ടം നടത്തും.