ജമ്മുക്കാഷ്മീരിലെ വിഘടനവാദി നേതാവായിരുന്ന അഫ്സല് ഗുരുവിന്റെ മകന്, ഗാലിബ് ഗുരുവാണ് പത്താം ക്ലാസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കാഴ്ച വച്ച് താരമായത്. ജമ്മുക്കാഷ്മീര് ബോര്‍ഡ് ഓഫ് എക്സാമിനേഷന് പരീക്ഷയിലാണ് അഞ്ച് വിഷയങ്ങളിലും എപ്ലസ് നേടി ഗാലിബ് സംസ്ഥാനത്ത് 19 ാം റാങ്ക് സ്വന്തമാക്കിയത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഫലം പുറത്തുവന്നത്. 500 ല്‍ 475 മാര്‍ക്കോടെ 95 ശതമാനം മാര്‍ക്കാണ് വിദ്യാര്‍ത്ഥി സ്കോര്‍ ചെയ്തത്. തന്റെ നേട്ടത്തിനും വിജയത്തിനും മുഴുവന്‍ ചുക്കാന്‍ പിടിച്ചത് അമ്മയും മുത്തശ്ശനും മുത്തശ്ശിയുമാണെന്നാണ് ഗാലിബ് പറയുന്നത്. ഇനി തുടര്‍ വിദ്യാഭ്യാസവും സ്വദേശമായ ബാരാമുള്ളയില്‍ തന്നെ നടത്താനാണ് ഗാലിബ് തീരുമാനിച്ചിരിക്കുന്നത്.
സയന്‍സ് വിഷയങ്ങളോടും, പുസ്തകങ്ങളോടും അഭിനിവേശമുള്ള ഗാലിബ് ഡോക്ടറാകണം എന്ന മോഹമാണ് ഉള്ളില്‍ സൂക്ഷിക്കുന്നത്. ഈ ആഗ്രഹം തന്റെ പപ്പയോട് ജയിലില്‍വച്ച് പറഞ്ഞിരുന്നുവെന്നും, അതിനായി പരിശ്രമിക്കാന്‍ പപ്പ പിന്നീട് എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും ഗാലിബ് വെളിപ്പെടുത്തി. പപ്പ സമ്മാനിച്ച ഖുറാന് നിധി പോലെ സൂക്ഷിച്ചിട്ടുണ്ടെന്നും ഗാലിബ് ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അഫ്സല് ഗുരുവിനെ 2013 ഫെബ്രുവരി ഒന്‍പതിനാണ് തൂക്കിലേറ്റിയത്. അഫ്സലിന്റെ മരണശേഷം പൊതുസമൂഹത്തില്‍ നിന്നകന്ന് കഴിയുകയായിരുന്നു ഈ കുടുംബം. ഏതായാലും പ്രതിസന്ധികളില്‍ തളരാതെ വീറോടെ പഠിച്ച് നേടിയെടുത്ത ഗാലിബിന്റെ വിജയത്തെ അനുമോദിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകള്‍.