കാസർഗോഡ്: ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയില്‍ കാറഡുക്ക-ദേലംപാടി പഞ്ചായത്തുകള്‍ക്കിടയിലായി കിടക്കുന്ന കര്‍ണാടകയുടെ ഭാഗമായ ഗാളിമുഖ ടൗണ്‍ സമീപവാസികള്‍ക്ക് കാസര്‍ഗോഡിന്റെ മാഹിയാകുന്നു.
കേരളത്തിലേതിനേക്കാള്‍ പെട്രോളിന് അഞ്ചുരൂപയും ഡീസലിന് എട്ടുരൂപയും വിലക്കുറവുണ്ടെന്ന ബാനര്‍ കൂടി സ്ഥാപിക്കപ്പെട്ടതോടെ കാസര്‍ഗോഡ് താലൂക്കിലെ മലയോര പഞ്ചായത്തുകളില്‍നിന്നും ഇവിടേയ്ക്ക് വാഹനങ്ങളുടെ ഒഴുക്കാണ്.
കാറഡുക്ക പഞ്ചായത്തിലെ കുണ്ടാര്‍, ദേലംപാടി പഞ്ചായത്തിലെ അഡൂർ ടൗണുകളുടെ ഇടയിലാണ് ഗാളിമുഖ സ്ഥിതിചെയ്യുന്നത്.
ഈ സ്ഥലത്തിന്റെ മൂന്നുഭാഗത്തും കേരളത്തിലുള്‍പ്പെട്ട പ്രദേശങ്ങളാണ്. ചെര്‍ക്കള-ജാല്‍സൂര്‍ കേരള സംസ്ഥാനപാത കടന്നുപോകുന്നത് ഈ വഴിക്കാണ്.
കേരളത്തിന്റെ ഭാഗമായ അഡൂര്‍, ദേലംപാടി, പരപ്പ, പഞ്ചിക്കല്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ബസുകള്‍ ഗാളിമുഖ വഴിയാണ് പോകുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ ഉച്ചസ്ഥായിയിലായ കാലത്ത് അന്തര്‍സംസ്ഥാന യാത്രാവിലക്ക് വന്നപ്പോള്‍ ഏറ്റവുമധികം ദുരിതമനുഭവിച്ച മേഖലകളിലൊന്നുമാണ് ഇത്.
പെട്രോളിനും ഡീസലിനും പുറമേ കെട്ടിടനിര്‍മാണ സാമഗ്രികളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിലും ഇവിടെ ഗണ്യമായ വ്യത്യാസമുണ്ട്.
സിമന്റും നിര്‍മാണസാമഗ്രികളും വില്‍ക്കുന്ന നാല് വലിയ കടകളാണ് ഈ ചെറിയ ടൗണിലുള്ളത്. ഇതെല്ലാം കേരളത്തിലെ സമീപപ്രദേശങ്ങളില്‍നിന്നും എത്തുന്നവരെ ലക്ഷ്യമിട്ടാണ് കാലങ്ങളായി പ്രവര്‍ത്തിക്കുന്നത്.
കാറഡുക്ക പഞ്ചായത്തിലെ മുള്ളേരിയയിലും ദേലംപാടി പഞ്ചായത്തിലെ അഡൂരിലുമാണ് തൊട്ടടുത്തായി പെട്രോള്‍ പമ്പുകളുള്ളത്.
എല്ലാവരും ഇന്ധനമടിക്കാന്‍ ഗാളിമുഖയിലേക്ക് പോകാന്‍ തുടങ്ങിയതോടെ രണ്ടിടങ്ങളിലെയും വിറ്റുവരവ് പകുതിയില്‍ താഴെയായി കുറഞ്ഞതായാണ് ഉടമകള്‍ പറയുന്നത്.