ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയ്‌ക്കെതിരേ അപകീര്‍ത്തികരമായ ലഘുലേഖ പുറത്തിറക്കിയത് താനാണെന്ന് തെളിഞ്ഞാല്‍ ആത്മഹത്യ ചെയ്യാമെന്ന് മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീര്‍. ലഘുലേഖയ്ക്ക് പിന്നില്‍ താനാണെന്ന് തെളിഞ്ഞാല്‍ പൊതുജന മധ്യത്തില്‍ ആത്മഹത്യ ചെയ്യാന്‍ തയ്യാറാണെന്ന് ഗംഭീര്‍ പറഞ്ഞു. എന്നാല്‍ ആരോപണം തെളിയിക്കാനായില്ലെങ്കില്‍ കെജ്രിവാള്‍ രാഷ്ട്രീയം വിടണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.
ഈസ്റ്റ് ഡല്‍ഹിയില്‍ ഗംഭീറിനെതിരെ മത്സരിക്കുന്ന അതിഷി മര്‍ലേനയ്ക്കെതിരെയാണ് അപകീര്‍ത്തികരമായ ലഘുലേഖകള്‍ പ്രചരിക്കുന്നത്. അതിഷി ബീഫ് കഴിക്കുന്ന വേശ്യയാണെന്ന പരാമര്‍ശം ഉള്‍പ്പെടെ അപകീര്‍ത്തികരമായ നിരവധി പരാമര്‍ശങ്ങള്‍ അടങ്ങിയ ലഘുലേഖയാണ് ഡല്‍ഹി മണ്ഡലത്തില്‍ പ്രചരിക്കുന്നത്. ഈ ലഘുലേഖയ്ക്കു പിന്നില്‍ ഗംഭീറാണെന്നും ഗംഭീര്‍ ഇത്ര തരംതാഴുമെന്ന് താന്‍ പ്രതീക്ഷിച്ചില്ലെന്നും അതിഷി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തനിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ വായിച്ച് കേള്‍പ്പിച്ച അതിഷി പൊട്ടിക്കരഞ്ഞിരുന്നു. ഗംഭീറിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്ത് വന്നിരുന്നു. ലഘുലേഖയ്ക്കു പിന്നില്‍ കെജ്‌രിവാള്‍ തന്നെയാണെന്നാണ് ഗംഭീര്‍ ഇന്നലെ ആരോപിച്ചത്. ലഘുലേഖ പുറത്തിറക്കിയത് താനാണെന്ന് തെളിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയ്യാറാണെന്നും ഗംഭീര്‍ ഇന്നലെ പറഞ്ഞിരുന്നു.