ചങ്ങനാശേരി: കുറുന്പനാടത്ത് വാടക വീട്ടിൽ നിന്നും അറസ്റ്റിലായ ചീട്ടുകളി സംഘത്തിന്റെ നടത്തിപ്പുകാരനു മാലം സുരേഷുമായിട്ടുള്ള ബന്ധത്തെക്കുറിച്ചു പോലീസ് അന്വേഷിക്കുന്നു. ശനിയാഴ്ച വൈകുന്നേരം എട്ടംഗ സംഘമാണ് കുറുന്പനാടത്തുനിന്നും തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്.
ചീട്ടുമേശയിൽ നിന്നും മൂന്നുലക്ഷത്തോളം രൂപയും പോലീസ് പിടിച്ചെടുത്തിരുന്നു. ഈ സംഘത്തിനു സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വൻ ചീട്ടുകളി റാക്കറ്റുമായി ബന്ധമുണ്ടെന്നും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
കുറുന്പനാടത്തെ ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനു മണർകാട്ടെ ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും പണമിടപാടുകാരനുമായ മാലം സുരേഷുമായും ഇയാളുടെ സംഘവുമായും അടുത്ത ബന്ധമാണുള്ളത്. ഇതോടെയാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വീട്ടുടമസ്ഥർ വിദേശത്തായതിനാൽ വീട് നോക്കാൻ ഏല്പ്പിച്ചിരുന്നയാൾ ചീട്ടുകളിക്കാൻ പണം വാങ്ങി സൗകര്യം ഒരുക്കി നല്കി. ഇയാൾക്കു ദിവസവും വൻതുക ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഒരു ദിവസം എത്ര രൂപയ്ക്കായിരുന്നോ ഇവിടെ ചീട്ടുകളി നടന്നിരുന്നത്.
അതിന് ആനുപാതികമായ തുകയാണ് നടത്തിപ്പുകാരനു ലഭിച്ചിരുന്നത്. അതിനാൽ ജില്ലാ പോലീസിന്റെ നിർദേശ പ്രകാരം ഇയാളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ലോക്ക്ഡൗണ് കാലത്ത് നാളുകളായി നടന്നുവന്നിരുന്ന ചീട്ടുകളി ഓണക്കാലമായതോടെ ഉൗർജിതമാകുകയായിരുന്നു.
ദൂരെസ്ഥലങ്ങളിൽ നിന്നുവരെ ഇവിടെ വാഹനങ്ങളിൽ ആളുകൾ എത്താൻ തുടങ്ങിയതോടുകൂടി പ്രദേശവാസികൾ കോട്ടയം ജില്ലാ പോലീസ് ചീഫിനു രഹസ്യവിവരം നല്കുകയായിരുന്നു. തുടർന്നാണ് പോലീസ് ഇവിടെയെത്തി ചീട്ടുകളി സംഘത്തെ പിടികൂടിയത്.
നാളുകളായി ആൾതാമസമില്ലാത്ത വീടുകളിൽ നിരവധി വാഹനങ്ങളിൽ എത്തുന്നതോടെ പ്രദേശവാസികൾ ശ്രദ്ധിച്ചിരുന്നു. ഇതോടെ സംഭവത്തെക്കുറിച്ചു ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനോട് അന്വേഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ വീട് വില്ക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അതിനായി വീട് നോക്കി കാണുന്നതിനാണ് ആളുകൾ എത്തുന്നതെന്നുമാണ് നടത്തിപ്പുകാരൻ സമീപവാസികളോട് പറഞ്ഞിരുന്നത്.
കുറുന്പനാടത്തെ കേന്ദ്രത്തിൽ ചീട്ടുകളിക്കാൻ എത്തിയിരുന്ന വന്പൻമാരെ നടത്തിപ്പുകാരൻ കാൻവാസ് ചെയ്തു മണർകാട്ടും മറ്റു സ്ഥലങ്ങളിലുമുള്ള വന്പൻ കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നവെന്നും സൂചനയുണ്ട്.
ചങ്ങനാശേരി ഡിവൈഎസ്പി വി.ജെ. ജോഫി, തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സംഘത്തെ പിടികൂടിയത്.