കോട്ടയം: ഈരാറ്റുപേട്ടയിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടന്നിരുന്ന ചീട്ടുകളിയിൽ മറിഞ്ഞിരുന്നതു ലക്ഷങ്ങൾ. ജില്ലയിലുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും ചീട്ടുകളിക്കാൻ ആളുകൾ എത്തിയിരുന്നു. ചീട്ടുകളിക്കാരെ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എത്തിക്കാൻ ഏജന്റുമാരും പ്രവർത്തിച്ചിരുന്നു.
ചീട്ടു കളി ആരംഭിക്കുന്നതിനു മുന്പായി പരിസരം നിരീക്ഷിക്കുവാനും, കളിക്കാർക്ക് മദ്യവും ഭക്ഷണങ്ങളും എത്തിക്കുവാനും ശന്പളം നല്കി ആളുകളെ നിർത്തിയിരുന്നു. എല്ലാ ദിവസങ്ങളിലും രാത്രി മുതൽ പുലർച്ചെ വരെയാണു ചീട്ടുകളി.
പരിസരം സുരക്ഷിതമാണെന്നു സൂചന ലഭിച്ചതിനു ശേഷമേ ചീട്ടു കളി സംഘം ടൂറിസ്റ്റ് ഹോമിൽ എത്തിയിരുന്നുള്ളൂ. മിക്ക ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ചീട്ടുകളി സംഘത്തിൽ പലർക്കും പരസ്പരം അറിയുക പോലുമില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
നാളുകൾക്കു മണർകാട് സ്വകാര്യ ക്ലബിൽ നടന്നിരുന്നു ചീട്ടുകളി കേന്ദ്രം റെയ്ഡ് ചെയ്യുകയും നിരവധി പേരെ പിടികൂടുകയും ചെയ്തിരുന്നു.സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നും 2.86 ലക്ഷം രൂപയുമായി ഇടുക്കി വണ്ണപ്പുറം സ്വദേശി അജി(48), ഇരാറ്റുപേട്ട സ്വദേശി സിറാജ് (46), എറണാകുളം കാക്കനാട് സ്വദേശി ഷഫീർ അലിയാർ(42),കാഞ്ഞിരപ്പള്ളി സ്വദേശീ റെജി(46), ഇടുക്കി വെള്ളിയാമറ്റം സ്വദേശി കാസിം(52) എന്നിവരാണ് പിടിയിലായത്.
ചീട്ടുകളി സംഘങ്ങൾ റിസോർട്ടിൽ എത്തിയതിനുശേഷം മഫ്തിയിൽ എത്തിയ പോലീസ് സംഘം ടൂറിസ്റ്റ് ഹോമിന്റെ പിന്നിലൂടെ അകത്തു കടന്നാണ് ചീട്ടുകളിക്കാരെ പിടികൂടിയത്.
ഈരാറ്റുപേട്ട എസ്എച്ച്ഒ എസ്.എം. പ്രദീപ് കുമാർ, എസ്ഐമാരായ വി.ബി.അനസ്, ജയചന്ദ്രൻ, ജയപ്രകാശ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിനയരാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനു, ഷിജോ വിജയൻ, സിവിൽ പോലീസ് ഓഫീസർ തോമസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.