ആലപ്പുഴ: പണം വച്ചുള്ള ചൂതാട്ടം വീണ്ടും ആലപ്പുഴയിൽ സജീവമാകുന്നു. പുന്നമടയിലെ റിസോർട്ടിൽ നിന്നും ഏഴംഗ ചീട്ടുകളി സംഘമാണ് ഇന്നലെ പോലീസ് പിടിയിലായത്. 89.830 രൂപയും ഇവരിൽ നിന്നും പിടിച്ചെടുത്തു. കൊച്ചി ഇടപ്പള്ളി അറയ്ക്കൽ ജോയി (68), പാലാരിവട്ടം തറയിൽ ബെന്നി വർഗീസ് (43), ചേർത്തല പട്ടണക്കാട് സരോജമംഗലം വീട്ടിൽ ബിനേഷ് (41), പല്ലന തറയിൽ മുഹമ്മദ് ഹാഷിം (44), പല്ലന കുളഞ്ഞിപ്പറന്പിൽ മൻസൂർ (42) ആലുവ കാരക്കാട്ടിൽ ഇബ്രാഹിം (64),ചേർത്തല കൊല്ലം ചാത്തനാട് വീട്ടിൽ നാസർ (44) എന്നിവരാണ് അറസ്റ്റിലായത്.
ചൂതാട്ടത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് ആലപ്പുഴ നോർത്ത് എസ്ഐ എം.എ. കുഞ്ഞച്ചന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. രാഷ്ട്രീയത്തിലും പോലീസിലും വൻ പിടിപാടുള്ള സംഘങ്ങളാണ് ആലപ്പുഴയിൽ ചൂതാട്ടത്തിനു എത്തുന്നത്.
അതിനാൽ തന്നെ ഇവർക്കുവേണ്ട സഹായങ്ങൾ ഇവരിൽ നിന്നും ലഭിക്കുന്നുമുണ്ട്. ആലപ്പുഴയിലെയും ചേർത്തലിയിലെയും ചില റിസോർട്ടുകളും ഹൗസ്ബോട്ടുകളുമാണ് ഇവരുടെ പ്രധാന താവളങ്ങൾ. കൊച്ചിയിൽ നിന്നുള്ള സംഘങ്ങളാണ് പ്രധാനമായി ഇവിടെ ചീട്ടുകളിക്കായി എത്തുന്നത്.