ചിറ്റൂർ: മീനാക്ഷിപുരത്തു ഒഴിഞ്ഞ സ്ഥലത്തു പണംവച്ചു ചീട്ടുകളി നടത്തിയ ആറുപേരെ മീനാക്ഷിപുരം പോലീസ് അറസ്റ്റുചെയ്ത് കേസെടുത്തു. മീനാക്ഷിപുരം സ്വദേശികളായ പ്രഭു (27), അബ്ദുൾഖാദർ (55) ,പ്രകാശൻ (32), കിട്ടുച്ചാമി (42), ഭണ്ഡപാണി (61), പുകഴേന്തി (34) എന്നിവരാണ് പിടിയിലായത്.
ചീട്ടുകളിക്കു ഉപയോഗിച്ച 25200 രൂപയും പിടിച്ചെടുത്തു. കുഞ്ചുമേനോൻപതിയിൽ തെങ്ങിൻതോപ്പിൽ വ്യാഴാഴ്ച രാത്രി ഒന്‍പതിനാണ് ചീട്ടുകളിസംഘം അറസ്റ്റിലായത്. എസ്ഐ ആദംഖാൻ, സിപിഒമാരായ അഫ്സൽ സന്തോഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റിലായവർ സ്റ്റേഷനിൽ ജാമ്യംനല്‍കി വിട്ടയച്ചു.
തമിഴ്നാടിന്റെ അതിർത്തിപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കോഴിയങ്കവും ചീട്ടുകളിയും പതിവായി നടന്നുവരുന്നതായി പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. തമിഴ്നാട്ടിൽനിന്നും വ്യാജമദ്യം ഒഴുകുന്നതായി റവന്യൂവകുപ്പിൽ നിന്നു വിവരം ലഭിച്ചു. ഇതേതുടർന്നു മീനാക്ഷിപുരം, കൊഴിഞ്ഞാന്പാറ, കൊല്ലങ്കോട് സ്റ്റേഷൻ പരിധികളിൽ അന്വേഷണം ഉൗർജിതമായി നടത്തിവരികയാണ്.