വൈപ്പിൻ: ഞാറക്കൽ റോയലാൻഡ് ക്ലബിൽ പോലീസ് നടത്തിയ റെയ്ഡിൽ 40 അംഗ ചീട്ടുകളി സംഘം പിടിയിൽ. പരിശോധനയിൽ 3,81,960 രൂപയും മദ്യവും കണ്ടെടുത്തു. റൂറൽ എസ്പിയുടെ സ്ക്വാഡ്, ഷാഡോ പോലീസ്, സ്പെഷൽ ബ്രാഞ്ച് എന്നീ വിഭാഗങ്ങൾ സംയുക്തമായി ഇന്നലെയാണ് റെയ്ഡ് നടത്തിയത്.
ക്ലബിന്റെ രണ്ടുനിലകളിയാണ് ചീട്ടുകളി നടക്കുന്നത്. ഒപ്പം അനധികൃതമായി മദ്യവിതരണവും ഉണ്ട്. പതിവായി വൈകുന്നേരം മുതൽ പുലർച്ചെ വരെ ഇവിടെ വൻതുകയ്ക്ക് ചീട്ടുകളി നടക്കുന്നതായി റൂറൽ എസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ഇതിനു മുന്പും ഇവിടെ പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ചീട്ടുകളി സംഘത്തെ ഞാറക്കൽ പോലീസിനു കൈമാറി. കേസ് എടുത്തശേഷം എല്ലാവരെയും ജാമ്യത്തിൽ വിട്ടയച്ചു.
പെരുന്പാവൂരിൽ 12അംഗ സംഘം അറസ്റ്റിൽ
പെരുമ്പാവൂർ: പണംവച്ച് ചീട്ടുകളിച്ച 12 അംഗ സംഘത്തെ പോലീസ് പിടികൂടി. പെരുമ്പാവൂർ കുറിച്ചിലക്കോട് സ്വദേശി ഡാർവിൻ (35), ശ്രീമൂലനഗരം സ്വദേശി മക്കാർ (62), നടുവട്ടം സ്വദേശി ബിജു (46), കുറിച്ചിലക്കോട് സ്വദേശി ജിഷ്ണു (27), ആലുവ യുസി കോളജിന് സമീപം നിഷാദ് (40), നെല്ലിക്കുഴി സ്വദേശി മൊയ്ദു (55), വെങ്ങോല സ്വദേശി ബഷീർ (52), എരമല്ലൂർ സ്വദേശി സീതി (56), കൂടാലപ്പാട് സ്വദേശി ഷെഫിൻ (37), കളമശേരി സ്വദേശി മുഹമ്മദ് (52), ആലുവ സ്വദേശി അശോകൻ (57), കൂടാലപ്പാട് സ്വദേശി ഡെനെറ്റ് (34) എന്നിവരെയാണ് കോടനാട് പോലീസ് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടാലപ്പാട് റൈസ് മില്ലിന് സമീപത്തുനിന്നും ഇന്നലെ വൈകിട്ട് 6:30 ഓടെയാണ് ഇവരെ പിടികൂടിയത്.
ഇവരിൽനിന്നും 18,600 രൂപ പോലീസ് പിടിച്ചെടുത്തു. എഎസ്ഐ ഷൈജൻ, എസ്സിപിഒ രാജീവ്, സെബാസ്റ്റ്യൻ, എബി എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.