കോട്ടയം: ഏറ്റുമാനൂർ ഐടിഐക്ക് സമീപം റോഡരികിലെ റബർതോട്ടത്തിൽ നടന്നു വന്ന ചീട്ടുകളിക്കാരെ പിടികൂടിയത് മഫ്തിയിലെത്തിയ പോലീസ് സംഘം. പോലീസ് വരുന്പോൾ വിവരം നല്‍കാനായി ഒരാളെ ചീട്ടുകളിക്കാർ നിയോഗിച്ചിരുന്നതിനാൽ ഇതുവരെ ഇവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
ഇന്നലെ സ്വകാര്യ കാറിൽ എത്തിയ മഫ്തി സംഘമാണ് കളിക്കാരെ കുടുക്കിയത്. ചീട്ടുകളിക്കാരെക്കൊണ്ട് നാട്ടുകാർ പൊറുതിമുട്ടിയിരുന്നു. ഒടുവിൽ സ്ത്രീകൾ ജില്ലാ പോലീസ് ചീഫിന് നല്കിയ പരാതിയെ തുടർന്ന് ഷാഡോ പോലീസിന്റെ സഹായത്തോടെ ചീട്ടുകളിക്കാരെ കുടുക്കിയത്. നാട്ടുകാരെ വെല്ലുവിളിച്ച് പകൽ സമയത്ത് റോഡരികിലാണ് ചീട്ടുകളി നടത്തി വന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞു മനയ്ക്കപ്പാടത്തു നിന്നും മറ്റൊരു ചീട്ടുകളി സംഘത്തെക്കൂടി പോലീസ് പിടികൂടിയിരുന്നു. ഇരു സംഘങ്ങളിൽ നിന്നുമായി 14 പേരെ അറസ്റ്റു ചെയ്തശേഷം ജാമ്യത്തിൽവിട്ടു. ഇവരുടെ പക്കൽ നിന്നും 26,890 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ഏറ്റുമാനൂർ സബ് ഇൻസ്പെക്ടർമാരായ പ്രശാന്ത് കുമാർ, രാമു, എഎസ്ഐ ഹരിദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബോബി, മഹേഷ്, പത്മകുമാർ കോട്ടയം ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ അരുണ്‍, ഐ. സജികുമാർ, അനിൽ, പ്രിൻസ് ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് ചീട്ടുകളി സംഘങ്ങളെ പിടികൂടിയത്.