കോട്ടയം: മെഡിക്കൽ കോളജിനു സമീപത്ത് നിന്നും 22 പേരടങ്ങുന്ന വൻ ചീട്ടുകളി സംഘത്തെ ഗാന്ധിനഗർ പോലീസ് പിടികൂടി. ഇന്നലെ രാത്രിയോടെയാണ് മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയ്ക്കു പുറകിലുള്ള വീട്ടിൽ നിന്നും ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 2,86,000 രൂപയും അഞ്ച് കാറുകളും ആറു ബൈക്കുകളും ഒരു ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തു.
നിരവധി കേസുകളിൽ പ്രതികളായ അരുണ്‍ ഗോപന്റെയും അമ്മഞ്ചേരി സിബിയുടെയും നേതൃത്വത്തിലാണ് ഇവിടെ ചീട്ടുകളി കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കോട്ടയം ടൗണ്‍, കുമാരനല്ലൂർ, മാങ്ങാനം, മാന്നാനം, പെരുന്പാവൂർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നാണ് ചീട്ടുകളിക്കാൻ ആളുകളെത്തിയിരുന്നത്. 22 പേരാണ് ഇന്നലെ രാത്രിയിൽ ചീട്ടുകളി നടക്കുന്പോൾ കളത്തിലുണ്ടായിരുന്നത്.
സ്കോർപ്പിയോ, മാരുതി ബ്രീസ, ഹോണ്ട സിറ്റി അടക്കമുള്ള ആഡംബര കാറുകൾ അടക്കം അഞ്ച് കാറുകളും, ആറു ബൈക്കുകളും ഒരു ഓട്ടോറിക്ഷയും ചീട്ടുകളിക്കാൻ എത്തിയവരിൽ നിന്നു പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊലക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അരുണ്‍ ഗോപനെന്നു പോലീസ് പറഞ്ഞു. ഇയാളുടെ കാവലിലാണു ഇവിടെ രാപകൽ വ്യത്യാസമില്ലാതെ ചീട്ടുകളി നടന്നിരുന്നത്. കളത്തിൽ പണമിറക്കിയിരുന്നതും വിവിധ സ്ഥലങ്ങളിൽ നിന്നും ചീട്ടുകളിക്കാൻ ആളുകളെ എത്തിച്ചിരുന്നതും അമ്മഞ്ചേരി സിബി അടക്കമുള്ള സംഘത്തിന്റെ മേൽനോട്ടത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
നാളുകളായി ഇവിടെ ചീട്ടുകളി നടക്കുന്നതായി ജില്ലാ പോലീസ് ചീഫ് പി.എസ്. സാബുവിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നു നാളുകളായി ഗാന്ധിനഗർ പോലീസ് പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. ഇന്നലെ രാത്രിയിൽ നിരവധി പേരടങ്ങുന്ന സംഘം ചീട്ടുകളിക്കാൻ എത്തിയതോടെ സിഐ അനൂപ് ജോസ്, എസ്ഐ ടി.എസ്. റെനീഷ്, എഎസ്ഐമാരായ സജിമോൻ, നൗഷാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പത്മകുമാർ, സിപിഒമാരായ അജിത്ത്, പ്രവീണ്‍, ഹാരീഷ്, മനേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ചീട്ടുകളി സംഘത്തെ കുടുക്കിയതു പോലീസിന്റെ രഹസ്യനീക്കം
കോട്ടയം: വൻ ചീട്ടുകളി സംഘത്തെ പിടികൂടാനായതു ഗാന്ധിനഗർ പോലീസിന്റെ രഹസ്യ നീക്കത്തിലുടെ. നാളുകളായി ഇവിടെ രാത്രിയിൽ ചീട്ടുകളി നടക്കുന്നതായി പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. എന്നാൽ ചീട്ടുകളി സംഘത്തെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പല തവണ ഈ ചീട്ടുകളി കേന്ദ്രത്തിൽ റെയ്ഡ് നടത്താൻ പോലീസ് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും വിവരങ്ങൾ ചോർന്നിരുന്നു.
ഇതോടെ മറ്റാരെയും അറിയിക്കാതെ നടത്തിയ മിന്നൽ ഓപ്പറേഷനിലാണു 2,86,000 രൂപയുമായി 22 പേരെ പിടികൂടാൻ കഴിഞ്ഞത്. അതീവ രഹസ്യമായിട്ടായിരുന്നു ഗാന്ധിനഗർ പോലീസിന്റെ നീക്കം. ഗാന്ധിനഗർ പോലീസ് ഏതാനും ദിവസങ്ങളായി മഫ്തിയിൽ പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. ഇന്നലെ രാത്രയിൽ നിരവധി പേർ എത്തിയതായി മനസിലായതോടെ എസ്ഐ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം വീട് വളയുകയായിരുന്നു. തുടർന്ന് അതിവേഗം വീടിനുള്ളിൽ കടന്ന് ചീട്ടുകളി സംഘത്തെ പിടികൂടുകയും പണവും വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.