ആലുവ: കൊറോണയടക്കമുള്ള പ്രതിസന്ധികളെ തരണം ചെയ്ത് കൊണ്ട് എറണാകുളം റൂറൽ പോലീസ് പരിധിയിൽ വൻ ചീട്ടുകളി സംഘങ്ങൾ വീണ്ടും സജീവമാകുന്നു.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഷാഡോ പോലീസ് ആരംഭിച്ച ഓപ്പേറഷനിൽ കഴിഞ്ഞ ദിവസം കുടുങ്ങിയത് പെൺവാണിഭ കേസിലെ പ്രതിയടക്കമുള്ള അഞ്ചംഗ സംഘമാണ്. പ്രതിയുടെ നേതൃത്ത്വത്തിലാണ് വൻ ചൂതാട്ടം അരങ്ങേറിയിരുന്നത്.
കടുങ്ങല്ലൂർ പതാളം റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തെ മതിൽ പൊളിഞ്ഞ് കിടക്കുന്ന റബർ മിക്സിംഗ് യൂണിറ്റിലായിരുന്നു ലക്ഷങ്ങളുടെ ചീട്ടുകളി തിങ്കളാഴ്ച്ച നടന്നിരുന്നത്. പോലീസ് ചീട്ടുകളി കേന്ദ്രം വളയുമ്പോൾ സംഘത്തലവനടക്കം അഞ്ച് പേർ കളിയിലായിരുന്നു.
ഇവരിൽനിന്ന് ഒരു ലക്ഷത്തിലധികം രൂപയും പോലീസ് പിടിച്ചെടുത്തു. കൂടുതൽ കളിക്കാർ എത്തുന്നതിന് മുമ്പ് റെയ്ഡ് വിവരം ചോർന്നതിനാൽ പലരും രക്ഷപ്പെടുകയായിരുന്നു. ഷിബു, ജബ്ബാർ, ഉമേഷ്, ജോഷി, നരസിംഹബാബു എന്നിവരാണ് പിടിയിലായവർ.
ഏലൂർ, വരാപ്പുഴ, പാതാളം, ആലങ്ങാട്, കോട്ടപ്പുറം, തത്തപ്പിളളി എന്നിവിടങ്ങൾ മാറി മാറി കേന്ദ്രീകരിച്ചാണ് സംഘം ചൂതാട്ടം കൊഴുപ്പിച്ചിരുന്നത്. മാസങ്ങൾക്ക് മുമ്പ് കോട്ടപ്പുറത്തും വരാപ്പുഴയിലും പോലീസ് റെയ്ഡ് നടത്തി പലരേയും പിടികൂടിയെങ്കിലും ഇവരടങ്ങിയ സംഘം ചീട്ടുകളി തുടരുകയായിരുന്നു.
കഴിഞ്ഞ വർഷം ഇതേ സംഘത്തെ പോലീസ് പിടികൂടാൻ എത്തിയപ്പോൾ തത്തപ്പിള്ളി പാലത്തിന് സമീപത്തുനിന്നും പുഴയിലേക്കെടുത്ത് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ മുകുന്ദനെന്നയാൾ മുങ്ങിമരിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.
കടുങ്ങല്ലൂരിൽ ബംഗ്ലാദേശ് പെൺകുട്ടിയെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയിരുന്ന സംഘത്തിന്റെ തലവനാണ് ലക്ഷങ്ങളുടെ ചീട്ടുകളിക്ക് ഇപ്പോൾ നേതൃത്വം നൽകുന്നതെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.
ബിനാനിപുരം എസ്ഐ സുധീറിന്റെ നേതൃത്ത്വത്തിൽ ഷാഡോ എസ്ഐമാരായ സജീവ് ചന്ദ്രൻ, നിസാർ, എഎസ്ഐ ഷാജി, സിപിഒമാരായ ശ്യാം, ജാബിർ, രഞ്ജിത്ത്, മനോജ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.