കോട്ടയം: കോട്ടയം കാരാപ്പുഴയിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പണംവച്ചുള്ള ചീട്ടുകളി കൊഴുക്കുന്നു. കാരാപ്പുഴ ബോട്ട് ജെട്ടിക്കുസമീപം ഒരു വീടിനു പിൻവശം വാടകയ്ക്ക് എടുത്താണു ചീട്ടുകളി നടത്തുന്നത്.
ഒരു വ്യക്തിയുടെ ഓർമ്മയ്ക്കായി തുടങ്ങിയ ക്ലബിന്റെ പേരിലാണു മുറി വാടകയ്ക്ക് എടുത്തിരിക്കുന്നത്. മുതിർന്ന കോണ്ഗ്രസ് നേതാവിന്റെ മേൽനോട്ടത്തിലാണു ചീട്ടുകളി നടത്തുന്നതെന്നു പറയുന്നു.
3500രൂപയ്ക്കാണ് മുറി വാടകയ്ക്ക് എടുത്തിരിക്കുന്നത്.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്നും സമീപ ജില്ലകളിൽനിന്നുള്ളവരും ഇവിടെ ചീട്ടുകളിക്കാൻ എത്തുന്നുണ്ട്. രാപകൽ ഭേദമെന്യേ ചീട്ടുകളി നടത്തുന്നതിനെതിരേ നിരവധി തവണ നാട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഏതാനും നാൾ മുന്പ് പോലീസ് പേരിനു നടത്തിയ റെയ്ഡിൽ 13,500രൂപ പിടിച്ചെടുത്തിരുന്നു. പോലീസിനു നൽകിയ ടിപ്പാണെന്നാണ് ഇതിനെപ്പറ്റി ചീട്ടുകളിക്കാർ പറയുന്നത്. തമിഴ് ബ്ലേഡ് സംഘങ്ങളും പത്താംകളം ബ്ലേഡുകാരുമാണ് ചീട്ടുകളി നിയന്ത്രിക്കുന്നതെന്നു പറയുന്നു.
ഇവിടത്തെ ചീട്ടുകളിയെപ്പറ്റി പോലീസിന് അറിയാമെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. രണ്ടു വർഷമായി ഇവിടെ ചീട്ടുകളി നടക്കുന്നു. ചീട്ടുകളിക്കൊപ്പം പരസ്യ മദ്യപാനവും ഇവിടെ അരങ്ങേറുന്നുവെന്നും ആരോപണമുണ്ട്.